യുക്രെയ്നിലെ എണ്ണസംഭരണ കേന്ദ്രം റഷ്യ തകർത്തു
text_fieldsകിയവ്: യുക്രെയ്നില്‍ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണകേന്ദ്രം വെള്ളിയാഴ്ച കാലിബര്‍ ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തതായി റഷ്യ. മാര്‍ച്ച് 24ന് വൈകീട്ട് കാലിബര്‍ ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ച് കിയവിനടുത്തുള്ള കലിനിവ്ക ഗ്രാമത്തിലെ ഇന്ധന കേന്ദ്രം ആക്രമിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
സൈനികര്‍ക്ക് ഇന്ധനം വിതരണം ചെയ്യുന്ന യുക്രെയ്നിലെ അവശേഷിക്കുന്ന ഏറ്റവും വലിയ സൈനിക ഇന്ധന സംഭരണ കേന്ദ്രമാണിതെന്ന് മന്ത്രാലയം അവകാശപ്പെട്ടു. യുക്രെയ്നില്‍ റഷ്യയുടെ സൈനിക നടപടി ആരംഭിച്ച ശേഷം അവരുടെ 260 ലധികം ഡ്രോണുകള്‍, 1,580ലേറെ ടാങ്കുകളും കവചിത വാഹനങ്ങളും 204 വിമാനവേധ ആയുധ സംവിധാനങ്ങളും നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കിഴക്കൻ കിയവിൽ യുക്രെയ്ൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്. കിയവിലെ നിരവധി നഗരങ്ങളും പ്രതിരോധ കേന്ദ്രങ്ങളും യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ചതായി ബ്രിട്ടീഷ് രഹസ്യാേന്വഷണ വിഭാഗം വ്യക്തമാക്കി. അതിനിടെ, റഷ്യയുടെ മുന്നേറ്റം തടയുന്നതിനായി യൂറോപ്യൻ യൂനിയൻ യു.എസുമായി വാതക കരാറിൽ ഒപ്പുവെച്ചു. ആക്രമണത്തിൽ ഖാർക്കിവിലെ മാനുഷിക സഹായകേന്ദ്രത്തിൽ നാലുപേർ കൊല്ലപ്പെട്ടു.
കിഴക്കൻ മേഖലയായ ഡൊണെട്സ്കിൽനിന്ന് ക്രീമിയയിലേക്ക് റഷ്യൻ സേന ഭാഗികമായി ഭൂപാത നിർമിച്ചതായി യുക്രെയ്ൻ സ്ഥിരീകരിച്ചു. 2014ൽ റഷ്യ യുക്രെയ്നിൽനിന്ന് പിടിച്ചെടുത്ത മേഖലയാണ് ക്രീമിയ. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പോളണ്ട് സന്ദർശിക്കുന്നുണ്ട്. യുക്രെയ്നിൽ റഷ്യ രാസായുധം പ്രയോഗിച്ചാൽ തിരിച്ചടിക്കുമെന്നും ബൈഡൻ പറഞ്ഞു.
തിയറ്റർ ആക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടിരിക്കാമെന്ന് റിപ്പോർട്ട്
കിയവ്: മരിയുപോളിലെ അഭയാർഥി കേന്ദ്രമായിരുന്ന തിയറ്റർ കെട്ടിടത്തിനു നേരെ ഈ മാസം 16ന് റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന് റിപ്പോർട്ട്. ദൃക്സാക്ഷികളെ ഉദ്ധരിച്ചാണ് ആക്രമണത്തിൽ ഇത്രയും ആളുകൾക്ക് ജീവൻ നഷ്ടമായിക്കാണുമെന്ന് മരിയുപോൾ സിറ്റി ഹാൾ ടെലഗ്രാമിൽ കുറിച്ചത്. 1300ഓളം ആളുകൾ അഭയം തേടിയ സ്ഥലമായിരുന്നു തിയറ്റർ.
ആക്രമണത്തിൽ എത്ര പേർ മരിച്ചുവെന്നതിന്റെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. മരിയുപോളിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരുലക്ഷം ആളുകളാണ് വെള്ളവും ഭക്ഷണവും ഇല്ലാതെ കുടുങ്ങിക്കിടക്കുന്നത്. റഷ്യൻ സേന തകർത്ത മരിയുപോൾ പുനർനിർമിക്കാൻ വർഷങ്ങളെടുക്കുമെന്ന് സിറ്റി മേയർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.