127 പേരെ ഒഴിപ്പിച്ചു; ഉരുക്കു പ്ലാന്റ് ആക്രമണം പുനരാരംഭിച്ച് റഷ്യ
text_fieldsകിയവ്: റെഡ്ക്രോസുമായി ചേർന്ന് യു.എൻ നടത്തിയ നടപടിയിൽ മരിയുപോളിലെ അസോവ്സ്റ്റൽ പ്ലാന്റിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും 127 പേരെ ഒഴിപ്പിച്ചു.
അസോവ്സ്റ്റൽ ഉരുക്കു പ്ലാന്റിന് അടിയിലുള്ള ബങ്കറുകളിൽ അഭയംതേടിയവരും ഒഴിപ്പിക്കപ്പെട്ടവരിലുണ്ടെന്ന് യുക്രെയ്നിലെ ഹ്യുമാനിറ്റേറിയൻ കോഓഡിനേറ്റർ ഓസ്നാറ്റ് ലുബ്രിയാനി ചൊവ്വാഴ്ച പറഞ്ഞു. 58 പേർ മരിയുപോളിന്റെ പ്രാന്തപ്രദേശമായ മൻഹുഷിൽനിന്നുള്ളവരാണ്. ഒഴിപ്പിച്ചവരെ യുക്രെയ്ൻ നിയന്ത്രണത്തിലുള്ള സപോരിഷ്യയിലെത്തിച്ചു.
റഷ്യൻ സൈന്യം ചൊവ്വാഴ്ച പ്ലാന്റിൽ ആക്രമണം നടത്താൻ തുടങ്ങിയതായി മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്ക് പ്ലാന്റിന് സംരക്ഷണം നൽകുന്ന അസോവ് റെജിമെന്റിന്റെ ഡെപ്യൂട്ടി കമാൻഡർ വാർത്ത ഏജൻസിയോട് വ്യക്തമാക്കി. പ്ലാന്റിൽനിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള യു.എൻ ശ്രമത്തിനിടയിലാണ് ആക്രമണ റിപ്പോർട്ടുകൾ പുറത്തുവന്നത്. പ്ലാന്റ് ആക്രമിക്കാരെ ഉപരോധിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ സൈന്യത്തിന് ഉത്തരവിട്ട് രണ്ടാഴ്ചക്കു ശേഷമാണ് ആക്രമണം പുനരാരംഭിച്ചത്.
റഷ്യൻ സേനയുടെ നിയന്ത്രണത്തിലുള്ള മരിയുപോളിലെ യുക്രെയ്ൻ ചെറുത്തുനിൽപിന്റെ അവസാനകേന്ദ്രമായ അസോവ്സ്റ്റൽ ഉരുക്കു പ്ലാന്റിനുനേരെ നിരവധി സ്ഥലങ്ങളിൽനിന്ന് റഷ്യൻ സൈന്യം ആക്രമിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി കമാൻഡർ സ്വിയാറ്റോസ്ലാവ് പലമർ അറിയിച്ചു.
കുട്ടികളടക്കം 200 സാധാരണക്കാർ പ്ലാന്റിൽ അവശേഷിക്കുന്നതായാണ് നിലവിൽ അസോവ്സ്റ്റലിൽ ഉള്ള യുക്രെയ്നിന്റെ നാഷനൽ ഗാർഡിന്റെ 12ാം ഓപറേഷനൽ ബ്രിഗേഡിന്റെ കമാൻഡർ ഡെനിസ് ഷ്ലെഗ പറയുന്നത്.
അതേസമയം, ഈ മാസാവസാനത്തോടെ കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്ക്, ഡോണെറ്റ്സ്ക് എന്നിവ റഷ്യയോട് കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നതായി മുതിർന്ന യു.എസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.