യുക്രെയ്നിൽ കിയവും ഖാർകിവും ആക്രമിച്ച് റഷ്യ; നാലു മരണം
text_fieldsകിയവ്: യുക്രെയ്നിലെ ഏറ്റവും വലിയ രണ്ടു പട്ടണങ്ങളിൽ വൻവ്യോമാക്രമണവുമായി റഷ്യ. തലസ്ഥാന നഗരമായ കിയവ്, അതിർത്തിയിലെ ഖാർകിവ് എന്നിവിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നാലുപേർ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഏറെയായി ഡ്രോണുകൾ കനത്ത നാശം വിതക്കുന്നതിനിടെയാണ് പ്രമുഖ പട്ടണങ്ങൾ ലക്ഷ്യമിടുന്നത്.
ഖാർകിവിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിലാണ് നാലു മരണം. കെട്ടിടം സമ്പൂർണമായി തകർന്നു. കിയവിൽ തകർക്കപ്പെട്ട ഡ്രോണിൽനിന്നുള്ള അവശിഷ്ടങ്ങൾ പതിച്ചാണ് ആറുപേർക്ക് പരിക്കേറ്റത്. കെട്ടിടത്തിന് തീപിടിക്കുകയും ചെയ്തു. കഴിഞ്ഞ രാത്രിയിൽ 48 ഡ്രോണുകൾ വർഷിച്ചതിൽ 26ഉം തകർത്തതായി യുക്രെയ്ൻ സേന അറിയിച്ചു.
അതേ സമയം, റഷ്യയിലെ കുർസ്ക് മേഖലയിൽ ഉത്തര കൊറിയൻ സേനയെ വിന്യസിച്ചതായി നാറ്റോ ആരോപിച്ചു. 10,000 ത്തോളം കൊറിയൻ സൈനികർ റഷ്യയെ സഹായിക്കാനെത്തിയെന്നാണ് ആരോപണം. ഉത്തര കൊറിയ റഷ്യക്കൊപ്പം ചേർന്നാൽ അമേരിക്കൻ ആയുധങ്ങൾ ഉപയോഗിക്കുന്നതിന് നിലവിലെ വിലക്കുകൾ എടുത്തുകളയുമെന്ന് പെന്റഗൺ അറിയിച്ചു. രണ്ടര വർഷത്തിലേറെയായി തുടരുന്ന സംഘർഷം പുതിയ തലങ്ങളിലെത്തിച്ചാണ് റഷ്യക്കൊപ്പം ഉത്തര കൊറിയൻ സേനയുമുണ്ടെന്ന ആരോപണം ശക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.