ഗുർപത്‍വന്ത് സിങ് പന്നു വധശ്രമകേസ്: ഇന്ത്യയെ പിന്തുണച്ച് റഷ്യ
text_fieldsമോസ്കോ: ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്‍വന്ത് സിങ് പന്നുവിന്റെ വധിക്കാൻ ഇന്ത്യ പദ്ധതിയിട്ടെന്ന യു.എസ് ആരോപണത്തിൽ പ്രതികരിച്ച് റഷ്യ. ഇന്ത്യൻ പൗരൻമാർ പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് തെളിവുകളൊന്നും യു.എസ് ഇതുവരെ കൊണ്ടു വന്നിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പന്നുവിനെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ പൗരൻമാരുടെ പങ്ക് തെളിയിക്കുന്നതിനായി വിശ്വസനീയമായ തെളിവുകളൊന്നും യു.എസ് കൊണ്ട് വന്നിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മരിയ സാക്കറോവ പറഞ്ഞു. തെളിവുകളില്ലാതെ ഇക്കാര്യത്തിലെ ഊഹാപോഹങ്ങൾ അംഗീകരിക്കാനാവില്ല. ഒരു രാജ്യത്തിന്റെ മനോഭാവമെന്താണെന്ന് യു.എസിന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഗുർപത് സിങ് പന്നുവിനെ വധിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്ന വാർത്ത വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് റഷ്യൻ വിദേശകാര്യമന്ത്രാലയം വക്താവ് മറുപടി നൽകിയത്. റഷ്യയുടെ പാതയാണ് ഇക്കാര്യത്തിൽ ഇന്ത്യയും പിന്തുടർന്നതെന്നും വാഷിങ്ടൺ പോസ്റ്റ് വിമർശിച്ചിരുന്നു.
പഞ്ചാബിൽ ഉയർന്നു വന്ന വിഘടനവാദത്തെ വളരെയധികം പിന്തുണയ്ക്കുന്നതായിരുന്നു പന്നുവിന്റെ രാഷ്ട്രീയം. സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി നിലകൊണ്ട പന്നു ഖാലിസ്താൻ വാദത്തിനും പിന്തുണ നൽകി. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപക അധ്യക്ഷനായ പന്നു മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ നിരവധി കേസുകളാണ് നടത്തി വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.