ആണവ നിർവ്യാപന കരാർ ശക്തിപ്പെടുത്തൽ നീക്കത്തിന് ഉടക്കിട്ട് റഷ്യ
text_fieldsയുനൈറ്റഡ് നേഷൻസ്: അരനൂറ്റാണ്ട് പഴക്കമുള്ള ഐക്യരാഷ്ട്ര സഭ ആണവ നിർവ്യാപന കരാർ (എൻ.പി.ടി) ശക്തിപ്പെടുത്താനുള്ള നീക്കത്തിന് ഉടക്കിട്ട് റഷ്യ. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ യുക്രെയ്നിലെ 'സപോറിഷ്യ' റഷ്യൻ സൈന്യം കൈവശപ്പെടുത്തിയതിനെ വിമർശിക്കുന്ന പരാമർശം ആണവ നിർവ്യാപന കരാർ പുനപരിശോധനയുടെ അന്തിമ കരടിലുള്ളതാണ് റഷ്യയെ ചൊടിപ്പിച്ചത്.
സപോറിഷ്യ ആണവ നിലയത്തിനും മറ്റ് നിലയങ്ങൾക്കും സമീപമുള്ള സൈനിക ആക്രമണങ്ങളിൽ കടുത്ത ആശങ്ക 36 പേജുള്ള അന്തിമ കരട് പ്രകടിപ്പിക്കുന്നു. പ്ലാന്റിന്റെ നിയന്ത്രണം യുക്രെയ്നിൽനിന്ന് നഷ്ടമായതും സംരക്ഷണം ഉറപ്പാക്കുന്നതിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ നിസ്സഹായതയും വ്യക്തമാക്കി. ആണവ വൈദ്യുതി റഷ്യയിലേക്ക് വഴിതിരിച്ചുവിടുന്നില്ലെന്ന് ഉറപ്പാക്കാൻ വരുംദിവസങ്ങളിൽ ആണവോർജ ഏജൻസി ഡയറക്ടർ നടത്താനുദ്ദേശിക്കുന്ന സപോറിഷ്യ സന്ദർശന ശ്രമങ്ങളെയും കരടിൽ പിന്തുണക്കുന്നു.
യു.എന്നിലെ 151 അംഗരാജ്യങ്ങൾ നാലാഴ്ച നടത്തിയ സംവാദങ്ങൾക്കും ചർച്ചകൾക്കുംശേഷം സംയുക്തരേഖ അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടത് ആയുധ നിയന്ത്രണത്തിനും വീണ്ടും പൊട്ടിപ്പുറപ്പെട്ട ആയുധ മത്സരം തടയാനുമുള്ള പ്രതീക്ഷകൾക്കേറ്റ പ്രഹരമായി വിലയിരുത്തുന്നു. കരാർ അവലോകന സമ്മേളനം അഞ്ച് വർഷം കൂടുമ്പോഴും നടത്തേണ്ടതായിരുന്നു. എന്നാൽ കോവിഡ് മഹാമാരി കാരണം വൈകി.
കൂട്ട നശീകരണ ആയുധങ്ങളില്ലാത്ത പശ്ചിമേഷ്യ മേഖല സ്ഥാപിക്കുന്നത് സംബന്ധിച്ച വിഷയത്തിലെ കടുത്ത അഭിപ്രായഭിന്നതകളെച്ചൊല്ലി 2015 ലെ അവസാന അവലോകന സമ്മേളനവും കരാറിലെത്താതെ അവസാനിച്ചിരുന്നു. 1968ൽ ഉണ്ടാക്കിയതാണ് ആണവ നിർവ്യാപന കരാർ. ആണവായുധശേഷിയുള്ള രാജ്യങ്ങൾ നിരായുധീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കുമ്പോൾ ആണവായുധങ്ങളില്ലാത്ത രാജ്യങ്ങൾ അവ വികസിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.