സെവെറോഡോണെറ്റ്സ്ക് പിടിച്ച് റഷ്യ
text_fieldsകിയവ്: പോരാട്ടം രൂക്ഷമായി തുടരുന്ന കിഴക്കൻ യുക്രെയ്നിൽ സെവെറോഡോണെറ്റ്സ്ക് പട്ടണത്തിന്റെ ഹൃദയഭാഗം റഷ്യയുടെ നിയന്ത്രണത്തിൽ. ആഴ്ചകളായി തുടരുന്ന കടുത്ത പോരാട്ടം റഷ്യക്ക് അനുകൂലമാകുന്നുവെന്ന സൂചന നൽകിയാണ് അവസാന മണിക്കൂറുകളിൽ സുപ്രധാന കീഴടങ്ങൽ. ഞായറാഴ്ച രാത്രിയോടെ സൈനിക നിയന്ത്രണം നഷ്ടമായതായി യുക്രെയ്നും സമ്മതിച്ചു. പട്ടണത്തെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാലം ഞായറാഴ്ച റഷ്യ ബോംബിട്ട് തകർത്തിരുന്നു.
ഇതോടെ, സൈനിക നീക്കം പൂർണമായി തടസ്സപ്പെട്ടതാണ് വിനയായത്. കിഴക്കൻ മേഖലയിൽ റഷ്യൻ നിയന്ത്രണം പൂർണമാകുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ യുക്രെയ്ൻ സേനയുടെ ആയുധങ്ങൾ നേരത്തെ റഷ്യൻ ബോംബുവർഷത്തിൽ തകർന്നിരുന്നു. പട്ടണത്തിലെ ഓരോ തെരുവിലും ഇരു സേനയും തമ്മിൽ പോരാട്ടം നടക്കുകയാണെന്ന് ഞായറാഴ്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു. അതിന് വിപരീതമായാണ് അതേ ദിവസം രാത്രിയോടെ റഷ്യൻ മുന്നേറ്റം. പടിഞ്ഞാറൻ യുക്രെയ്നിൽ തന്ത്രപ്രധാനമായ ആയുധകേന്ദ്രം കഴിഞ്ഞ ദിവസം റഷ്യ തകർത്തിരുന്നു.
യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നൽകുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാർ ബുധനാഴ്ച യോഗം ചേരുന്നുണ്ട്. അടിയന്തരമായി ആയുധങ്ങൾ എത്തിയില്ലെങ്കിൽ കനത്ത നാശമാകും ഫലമെന്ന് സെലൻസ്കി മുന്നറിയിപ്പ് നൽകിയിരുന്നു.
- ക്ലസ്റ്റർ ബോംബു വർഷം; ഖാർകിവിൽ യുദ്ധക്കുറ്റമെന്ന് ആംനെസ്റ്റി
ഏറ്റവും കടുത്ത പോരാട്ടം നടന്ന ഖാർകിവിൽ റഷ്യ നിരോധിത ക്ലസ്റ്റർ ബോംബുകൾ വർഷിച്ചെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ. നിശ്ചിത ഇടവേളയിൽ പൊട്ടിത്തെറിക്കുന്ന മാരകശേഷിയുള്ള കുഞ്ഞുമൈനുകൾ റോക്കറ്റ് വഴി ഖാർകിവിൽ പലയിടത്തായി പ്രയോഗിച്ചതായാണ് ആക്ഷേപം. നിരവധി സിവിലിയന്മാർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും സൂചനയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.