റഷ്യയുടെ ഉറക്കം കെടുത്തി യുക്രെയ്ൻ; നാശംവിതച്ച് 337 ഡ്രോണുകൾ
text_fieldsയുക്രെയ്ൻ ഡ്രോൺ ഇടിച്ച മോസ്കോയിലെ കെട്ടിടം
മോസ്കോ: മൂന്നുവർഷം നീണ്ട യുദ്ധത്തിനിടെ റഷ്യക്കെതിരെ ഏറ്റവും കനത്ത ആക്രമണം നടത്തി യുക്രെയ്ൻ. 10 മേഖലകളിലേക്ക് 337 ഡ്രോണുകൾ പറത്തിവിട്ടാണ് റഷ്യയുടെ ഉറക്കം കെടുത്തിയത്. വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്യാൻ യു.എസ്-യുക്രെയ്ൻ പ്രതിനിധികൾ സൗദിയിൽ കൂടിക്കാഴ്ച നടത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയായിരുന്നു റഷ്യൻ തലസ്ഥാന നഗരിയെ വിറപ്പിച്ച നീക്കം. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
നിരവധി ഭവന സമുച്ചയങ്ങളും വാഹനങ്ങളും തകർന്നു. ദോമോദെദോവോ, നുകോവോ, ഷെറെമെത്യേവോ, സുകോവ്സ്കി യാരോസ്ലാവ്, നിസ്നി നോവ്ഗൊറോഡ് മേഖലകളിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി സ്തംഭിച്ചു. ദോമോദെദോവോ റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ട്രെയിൻ ഗതാഗതവും നിർത്തിവെച്ചതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ആക്രമണത്തെ കുറിച്ച് യുക്രെയ്ൻ അധികൃതർ പ്രതികരിച്ചിട്ടില്ല. അതിർത്തിയിലെ കുർസ്ക് മേഖലയിൽ 126 ഡ്രോണുകളും മോസ്കോയിൽ 91 ഡ്രോണുകളും വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന ബെൽഗെറേഡ്, ബ്രിയാൻസ്ക്, വെറോനിഷ് മേഖലകളിലും റഷ്യയുടെ വിദൂര മേഖലകളിലുള്ള കലുഗ, ലിപെറ്റ്സ്ക്, നിസ്നി നോവ്ഗൊറോഡ്, ഓറിയോൾ, റ്യാസൻ തുടങ്ങിയ പട്ടണങ്ങളിലും ഡ്രോണുകൾ പതിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.