സെലൻസ്‌കിക്ക് ‘യുദ്ധ ഭ്രമ’മെന്ന് റഷ്യ; പരാമർശം ചൂടേറിയ വൈറ്റ് ഹൗസ് കൂടിക്കാഴ്ചക്കു പിന്നാലെ
text_fieldsമോസ്കോ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഏറ്റുമുട്ടിയ വാഷിംങ്ടൺ സന്ദർശനത്തിനു പിന്നാലെ, യുക്രേനിയൻ പ്രസിഡന്റ് േവ്ലാദിമർ സെലെൻസ്‌കി സമാധാനം നിരസിക്കുകയും യുദ്ധം എന്തുവിലകൊടുത്തും പിന്തുടരുകയും ചെയ്യുന്നുവെന്നുമുള്ള ആരോപണവുമായി റഷ്യ. റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ യു.എസ് തലസ്ഥാനത്തേക്കുള്ള സെലെൻസ്‌കിയുടെ യാത്രയെ ‘കീവിന്റെ സമ്പൂർണ നയതന്ത്ര പരാജയം’ എന്ന് വിശേഷിപ്പിച്ചു.മോസ്കോയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ യുക്രെയ്‌നിന്റെ നേതൃത്വത്തിന് യഥാർഥ താൽപര്യമില്ലെന്നും മരിയ വാദിച്ചു.
ഓവൽ ഓഫിസിലെ അഭൂതപൂർവമായ വാക്കേറ്റമാണ് സെലെൻസ്‌കിയുടെ സന്ദർശനത്തെ ശ്രദ്ധേയമാക്കിയത്. വാഷിംങ്ടണിന്റെ സാമ്പത്തികവും സൈനികവുമായ പിന്തുണയോട് സെലൻസ്‌കി നന്ദിയില്ലായ്മ കാണിക്കുന്നുവെന്ന് ട്രംപും വാൻസും ആരോപിച്ചിരുന്നു. തുടർച്ചയായ യു.എസ് സഹായത്തിനുള്ള വ്യവസ്ഥയായി ട്രംപ് മുന്നോട്ട് വെച്ച പ്രധാന ധാതു കരാറിൽ ഒപ്പിടാതെ സെലൻസ്‌കി പെട്ടെന്ന് വൈറ്റ് ഹൗസ് വിടുന്നതിലേക്ക് നയിച്ചു. ട്രംപും സെലെൻസ്‌കിയും തമ്മിലുള്ള സംയുക്ത പത്രസമ്മേളനം റദ്ദാക്കി. ഇത് യുക്രെയ്നും പാശ്ചാത്യ സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര സമ്മർദ്ദത്തെ കൂടുതൽ കടുപ്പിച്ചു.
സമാധാനപരമായ പരിഹാരം തേടാനുള്ള യുക്രെയ്‌നിന്റെ വിസമ്മതത്തിന്റെ തെളിവായി അവയെ ചിത്രീകരിച്ച്, സംഭവവികാസങ്ങൾ മോസ്കോ പെട്ടെന്ന് പിടിച്ചെടുക്കുകയായിരുന്നു. ‘സെലെൻസ്‌കിക്ക് സമാധാനം വേണ്ട. യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന് ആസക്തിയുണ്ട്’ -സഖരോവ അവകാശപ്പെട്ടു.
കൂടിക്കാഴ്ചക്കിടെ ട്രംപ് സെലെൻസ്‌കിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. തന്റെ പ്രവർത്തനങ്ങൾ ദശലക്ഷക്കണക്കിന് ജീവൻ അപകടത്തിലാക്കുകയാണെന്നും പിരിമുറുക്കം ആഗോള സംഘട്ടനത്തിലേക്ക് ഉയർത്തുമെന്നും സെലൻസ്കിയെ കുറ്റപ്പെടുത്തുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.