മത്സരിച്ച നാല് യു.എന്‍ കമ്മിറ്റികളിലും പരാജയപ്പെട്ട് റഷ്യ
text_fieldsജനീവ: നാല് യു.എന്‍ കമ്മിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങി റഷ്യ. യുക്രെയ്നിലെ അധിനിവേശത്തിന് ലോക വേദിയിൽ റഷ്യ ഒറ്റപ്പെടുന്നതിന്‍റെ തെളിവാണ് ഐക്യരാഷ്ട്ര സഭയിൽ കഴിഞ്ഞ ദിവസം പ്രകടമായത്. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സാമൂഹിക കൗൺസിലിന്‍റെ അനുബന്ധ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
സർക്കാറിതര സംഘടനകൾക്കായുള്ള കമ്മിറ്റി, യു.എൻ വിമൻ എക്‌സിക്യൂട്ടീവ് ബോർഡ്, യുനിസെഫ് എക്‌സിക്യൂട്ടീവ് ബോർഡ്, തദ്ദേശീയ പ്രശ്‌നങ്ങൾക്കായുള്ള സ്ഥിരം സമിതി എന്നീ പോസ്റ്റുകളിലേക്കാണ് റഷ്യ മത്സരിച്ചിരുന്നത്. ലോക രാജ്യങ്ങൾ യുക്രെയ്നെ പിന്തുണക്കുന്നതിലൂടെ ഐക്യരാഷ്ട്ര സഭയിൽ റഷ്യ ഒറ്റപ്പെട്ടുവെന്ന് യു.എന്നിലെ യുനെറ്റഡ് കിങ്ഡം മിഷൻ ട്വീറ്റ് ചെയ്തു.
യുക്രെയ്ന്‍ അധിനിവേശത്തിലൂടെ യു.എന്നിന്‍റെ പ്രധാന സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്ന് റഷ്യ അയോഗ്യരാക്കപ്പെട്ടുവെന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്ന് ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ യൂറോപ്യൻ യൂനിയൻ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.
സർക്കാറിതര ഓർഗനൈസേഷനുകളുടെ സമിതിയിൽ 54 ബാലറ്റുകളിൽ 15 വോട്ടുകളും യു.എൻ വനിതാ എക്‌സിക്യൂട്ടീവ് ബോർഡിൽ 54ൽ 16 വോട്ടുകളും യുനിസെഫ് എക്‌സിക്യൂട്ടീവ് ബോർഡിൽ 54ൽ 17 വോട്ടുകളും തദ്ദേശീയ പ്രശ്‌നങ്ങൾക്കായുള്ള സ്ഥിരം സമിതിയിൽ 18 വോട്ടുകളും മാത്രമാണ് റഷ്യക്ക് നേടാനായത്. അതേസമയം യു.എൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിന്റെ നാല് സമിതികളിലേക്കും ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.