യുക്രെയ്ൻ നഗരങ്ങളിൽ മിസൈൽ വർഷവുമായി റഷ്യ; ബഖ്മുത് വീഴുന്നു, കനത്ത പോരാട്ടം
text_fieldsകിയവ്: യുക്രെയ്നിലെ പ്രധാന നഗരങ്ങളിലേക്ക് മിസൈലുകൾ തൊടുത്ത് റഷ്യൻ സൈന്യം. ഊർജോൽപ്പാദന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യാഴാഴ്ച ആക്രമണം. നിരവധി താമസകേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചതായി യുക്രെയ്ൻ അധികൃതർ അറിയിച്ചു. കൂടുതൽ നാശനഷ്ടമൊഴിവാക്കാൻ പലയിടത്തും വൈദ്യുതി വിച്ഛേദിച്ചു. അതേസമയം, യുക്രെയ്ൻ സൈന്യവുമായി കനത്ത പോരാട്ടം നടക്കുന്ന ബാഖ്മുതിൽ നഗരത്തിലെ പകുതി ഭാഗവും പിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു.
തലസ്ഥാനമായ കിയവ്, ഒഡെസ, ഖാർകീവ് എന്നിവിടങ്ങളിലെല്ലാം വ്യാഴാഴ്ച വ്യോമാക്രമണമുണ്ടായി. ഇവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. കിയവിൽ രണ്ട് പേർക്ക് പരിക്കേറ്റതായി മേയർ അറിയിച്ചു. ഖാർകീവിൽ 15 മിസൈലുകളാണ് പതിച്ചത്. നിരവധി താമസകേന്ദ്രങ്ങൾ തകർന്നു. ഖാർകീവിൽ ആക്രമണത്തെ തുടർന്ന് വൈദ്യുതി വിതരണത്തിൽ തകരാറുകളുണ്ടായി.
തീരനഗരമായ ഒഡെസയിൽ ഊർജോൽപ്പാദന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇതേത്തുടർന്ന് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മരണങ്ങളുണ്ടായിട്ടില്ലെന്ന് ഗവർണർ അറിയിച്ചു.
ചെർനിഹിവ്, ലവിവ്, ഡ്നിപ്രൊ, ലുറ്റ്സ്ക്, റിവ്നെ തുടങ്ങിയ നഗരങ്ങളിലും മിസൈൽ ആക്രമണമുണ്ടായി. ആക്രമണം യുക്രെയ്നിലെ സപോറീഷ്യ ആണവനിലയത്തിനുള്ള വൈദ്യുതി വിതരണത്തെ ബാധിച്ചെന്ന് അധികൃതർ പറഞ്ഞു. നിലവിൽ റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ് നിലയം. 18 ഡീസൽ ജനറേറ്ററുകൾ വഴിയാണ് നിലയത്തിന്‍റെ പ്രവർത്തനം തുടരുന്നതെന്നും 10 ദിവസം കൂടി മാത്രമേ ഇത്തരത്തിൽ തുടരാനാകൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 16നാണ് നേരത്തെ സമാനമായ മിസൈലാക്രമണം റഷ്യ നടത്തിയത്. തന്ത്രപ്രധാനമായ ബഖ്മുത് പിടിച്ചെടുക്കാനായിരുന്നു ഇത്. ബഖ്മുത് പിടിച്ചടക്കുന്നത് ഡോൺബാസ് വ്യവസായ മേഖലയിൽ നിയന്ത്രണം സാധ്യമാക്കുമെന്നാണ് റഷ്യ കരുതുന്നത്. റഷ്യ കനത്ത ആക്രമണം നടത്തിയ ഇവിടെനിന്ന് സിവിലിയന്മാർ ഭൂരിഭാഗവും ഒഴിഞ്ഞുപോയി. 70,000 പേർ താമസിച്ചിരുന്നിടത്ത് 4500 പേർ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ.
റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പാണ് ബഖ്മുതിൽ യുദ്ധമുഖത്തുള്ളത്. ഒരു വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍, ഏറ്റവും രക്തരൂക്ഷിത പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ബഖ്മുത് റഷ്യ പിടിച്ചെടുത്താൽ അത് കിഴക്കൻ യുക്രെയ്നിലേക്ക് കടക്കാൻ അവർക്കുള്ള വഴിയായി മാറുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോദ്മിർ സെലൻസ്കി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.