യുക്രെയ്നിൽ ഇന്ന് 120 മിസൈൽ വർഷിച്ച് റഷ്യ; വരാനിരിക്കുന്നത് ബുദ്ധിമുട്ടേറിയ വർഷമെന്ന് പൗരൻമാരോട് സെലൻസ്കി
text_fieldsകിയവ്: യുക്രെയ്ൻ മുന്നോട്ടുവെച്ച സമാധാന പദ്ധതി തള്ളിയ റഷ്യ യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ ഉൾപ്പെടെ നൂറിലേറെ മിസൈൽ വർഷിച്ചു. കരയിൽനിന്നും കടലിൽനിന്നുമായി വ്യാഴാഴ്ച മാത്രം 120 മിസൈൽ വർഷിച്ചതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്. എന്നാൽ, സിവിലിയൻ മേഖലകളെ ആക്രമിച്ചതായ ആരോപണം മോസ്കോ നിഷേധിച്ചു.
അതിനിടെ ബുദ്ധിമുട്ടേറിയ വർഷമാണ് വരാനിരിക്കുന്നതെന്നും ജനങ്ങൾ മനോധൈര്യത്തോടെയും പരസ്പരം പിന്തുണച്ചും നിലകൊള്ളണമെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി പൗരന്മാരോട് വിഡിയോ സന്ദേശത്തിൽ പറഞ്ഞു. 2022 ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധം അടുത്ത വർഷവും തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ഏകപക്ഷീയമായി നാല് മേഖലകൾ റഷ്യയോട് കൂട്ടിച്ചേർത്തത് അംഗീകരിക്കണമെന്നാണ് സമാധാന പദ്ധതി അംഗീകരിക്കുന്നതിന് റഷ്യ ഉപാധിവെച്ചത്. ഇത് യുക്രെയ്ന് സ്വീകാര്യമല്ല. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഖേഴ്സൺ, സപൊറീഷ്യ മേഖലകളാണ് റഷ്യ ഏകപക്ഷീയമായി ഹിതപരിശോധന നടത്തി സ്വന്തം രാജ്യത്തോട് കൂട്ടിച്ചേർത്തത്.
ഈ മേഖലകൾ ഇപ്പോഴും പൂർണമായി റഷ്യയുടെ നിയന്ത്രണത്തിലല്ല. ഖേഴ്സണിലും സപൊറീഷ്യയിലും വ്യാഴാഴ്ചയും മിസൈൽ വർഷമുണ്ടായി. തലസ്ഥാനമായ കിയവിൽ നിരവധി കെട്ടിടങ്ങൾ ബോംബാക്രമണത്തിൽ തകർന്നു. 14കാരി ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഊർജ അടിസ്ഥാന സൗകര്യങ്ങളും തകർക്കപ്പെട്ടു. മുന്നറിയിപ്പ് സൈറണുകളെ തുടർന്ന് ആളുകൾ ബങ്കറുകളിൽ ഒളിച്ചതിനാലാണ് മരണം ഉണ്ടാകാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.