യുക്രെയ്ൻ വ്യോമമേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽ റഷ്യ പരാജയപ്പെട്ടു -യു.കെ
text_fieldsലണ്ടൻ: അധിനിവേശം ആഴ്ചകൾ പിന്നിടുമ്പോഴും യുക്രെയ്ൻ വ്യോമമേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിൽ റഷ്യ പരാജയപ്പെട്ടതായി യു.കെ. റഷ്യയുടെ നിയന്ത്രണത്തിലുള്ള സുരക്ഷിതമായ വ്യോമമേഖലയിൽനിന്നാണ് ഇപ്പോഴും സൈന്യം യുക്രെയ്നിലേക്ക് ആക്രമണം നടത്തുന്നതെന്നും യു.കെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച അധിനിവേശം 25ാം ദിവസത്തിലേക്ക് കടന്നെങ്കിലും യുക്രെയ്നിൽ റഷ്യക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല.
യുക്രെയ്ൻ വ്യോമ സേനയും വ്യോമ പ്രതിരോധ സേനയും ശക്തമായ ചെറുത്തുനിൽപാണ് നടത്തുന്നത്. അതേസമയം, 11 റഷ്യൻ അനുകൂല പാർട്ടികൾക്ക് യുക്രെയ്നിൽ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി നിരോധനം ഏർപ്പെടുത്തി. യുക്രെയ്ൻ പാർലമെന്‍റിൽ പ്രതിനിധികളുള്ള രാജ്യത്തെ വലിയ റഷ്യൻ അനുകൂല പാർട്ടിയായ ഫോർ ലൈഫിന് ഉൾപ്പെടെയാണ് നിരോധനം ഏർപ്പെടുത്തിയത്. വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ, അധിനിവേശം തുടങ്ങിയതു മുതൽ 1,500 റഷ്യൻ മീഡിയ ഔട്ട് ലെറ്റുകൾക്കും യുക്രെയ്നിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ ആക്രമണത്തെ അപലപിക്കാൻ ചൈന പശ്ചാത്യ രാജ്യങ്ങൾക്കൊപ്പം ചേരണമെന്ന് യുക്രെയ്ൻ അഭ്യർഥിച്ചു. റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ ഇതുവരെ 847 സിവിലിയന്മാർ കൊല്ലപ്പെട്ടതായി യു.എൻ വ്യക്തമാക്കി. 65 ലക്ഷം പേർ പാലായനം ചെയ്തു. റഷ്യമായുള്ള വ്യാപാരത്തിന് യൂറോപ്യൻ യൂനിയൻ പൂർണ വിലക്കേർപ്പെടുത്തണമെന്ന് പോളണ്ട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.