യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ
text_fieldsകിയവ്: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ യുക്രെയ്നിൽ മിസൈലാക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്നിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ നിരവധി ആക്രമണമുണ്ടായി. മോസ്കോയിൽ സംഗീതനിശ നടക്കുന്ന ഹാളിലേക്ക് ഇരച്ചുകയറിയ സായുധസംഘം ആളുകൾക്കുനേരെ നിറയൊഴിച്ച് 133 പേർ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും റഷ്യ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. എന്നാൽ, ആക്രമണത്തിൽ യുക്രെയ്ന് പങ്കുണ്ടെന്നാണ് റഷ്യൻ ഏജൻസികൾ ആരോപിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള നാലുപേരെ പടിഞ്ഞാറൻ റഷ്യയിലെ യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള ബ്രയാൻസ്ക് മേഖലയിൽനിന്നാണ് പിടികൂടിയത്.
ഇവർ യുക്രെയ്നിലേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്നതായാണ് റഷ്യൻ ഏജൻസി പറയുന്നത്. അതിനിടെ റഷ്യ യുക്രെയ്നെ ലക്ഷ്യമാക്കി തൊടുത്ത ക്രൂസ് മിസൈലുകളിലൊന്ന് തങ്ങളുടെ വ്യോമാതിർത്തിയിൽ കടന്നതായി പോളണ്ട് ആരോപിച്ചു. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.