ചൈനയിൽ യുദ്ധ ഡ്രോണുകളുടെ രഹസ്യ നിർമാണ പദ്ധതിയുമായി റഷ്യ; ആശങ്കയുണ്ടെന്ന് യു.എസ്
text_fieldsമോസ്കോ: ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ പ്രയോഗിക്കുന്നതിന് ലോങ് റേഞ്ച് ഡ്രോണുകൾ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി റഷ്യ ചൈനയിൽ ആയുധ പരിപാടി ആരംഭിച്ചതായി യൂറോപ്യൻ രഹസ്യാന്വേഷണ ഏജൻസിയെ ഉദ്ദരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ആയുധ കമ്പനിയായ അൽമാസ്-ആൻറ്റിയുടെ അനുബന്ധ സ്ഥാപനമായ IEMZ കുപോൾ, പ്രാദേശിക വിദഗ്ധരുടെ സഹായത്തോടെ ചൈനയിൽ ഗാർപിയ-3 (G3)എന്ന പുതിയ ഡ്രോൺ മോഡൽ വികസിപ്പിക്കുകയും ടെസ്റ്റ് ചെയ്യുകയും ചെയ്തായാണ് റിപ്പോർട്ട്. കുപോൾ ഈ വർഷാദ്യം റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് അതിന്റെ പ്രവർത്തനങ്ങളുടെ രൂപരേഖ അയച്ചതായും ചൈനയിലെ ഒരു ഫാക്ടറിയിൽ G3 ഉൾപ്പടെയുള്ള ഡ്രോണുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്ന് അറിയിച്ചതായും പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ പ്രകാരം 50 കിലോഗ്രാം പേലോഡുമായി G3 ന് ഏകദേശം 2,000 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയും.
ഇത്തരമൊരു പദ്ധതിയെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും ഡ്രോണുകളുടെയോ ആളില്ലാ വിമാനങ്ങളുടെ കയറ്റുമതിയിൽ ചൈനക്ക് കർശന നിയന്ത്രണങ്ങളുണ്ടെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞതായി റോയിട്ടേഴ്‌സ് പുറത്തുവിട്ടു.
ഡ്രോൺ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തങ്ങൾക്ക് വളരെയധികം ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസിലെ ദേശീയ സുരഷാ കൗൺസിൽ പറഞ്ഞു. പ്രസ്തുത ഇടപാടുകളെക്കുറിച്ച് ചൈനീസ് സർക്കാറിന് അറിവുണ്ടെന്ന് സൂചിപ്പിക്കുന്നതൊന്നും വൈറ്റ് ഹൗസിന്റെ ശ്രദ്ധയിൽ പതിഞ്ഞിട്ടില്ല. എന്നാൽ, ഈ കമ്പനികൾ റഷ്യക്ക് അവരുടെ സൈന്യത്തിന്റെ ഉപയോഗത്തിനായി മാരകമായ സഹായം നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ ചൈനക്ക് ഉത്തരവാദിത്തമുണ്ടെന്ന് യു.എസ് വക്താവ് കൂട്ടിച്ചേർത്തു.
റിപ്പോർട്ടുകൾ വളരെ ആശങ്കാകുലമാണെന്നും സഖ്യകക്ഷികൾ കൂടിയാലോചിക്കുമെന്നും നാറ്റോ വക്താവ് പറഞ്ഞു. റഷ്യയുടെ യുദ്ധശ്രമങ്ങൾക്ക് നയതന്ത്രപരവും ഭൗതികവുമായ പിന്തുണ നൽകുന്നത് നിർത്തണമെന്ന് ബ്രിട്ടന്റെ വിദേശകാര്യ ഓഫിസ് ചൈനയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.