റഷ്യ–ഇന്ത്യ മിസൈൽ ഇടപാട്: ആശങ്ക പ്രകടിപ്പിച്ച് യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യക്ക് റഷ്യ എസ്-400 ട്രയംഫ് ഭൂതല-വ്യോമ മിസൈൽ സംവിധാനം കൈമാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. എന്നാൽ, ഈ ഇടപാടിനോട് എന്തു നിലപാടെടുക്കണം എന്ന കാര്യത്തിൽ യു.എസ് കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്നും മുതിർന്ന യു.എസ് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥൻ പറഞ്ഞു.
റഷ്യയുടെ ഏറ്റവും നൂതനമായ ദീർഘദൂര ഭൂതല-വ്യോമ മിസൈൽ പ്രതിരോധ സംവിധാനമാണ് എസ്-400. മിസൈൽ സംവിധാനം ഇന്ത്യക്ക് കൈമാറുന്നത് തീരുമാനിച്ച പ്രകാരം നടക്കുമെന്ന് റഷ്യയുടെ 'ഫെഡറൽ സർവിസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോഓപറേഷൻ' ഡയറക്ടർ ദിമിത്രി ഷുഗായേവ് കഴിഞ്ഞ ആഴ്ച വാർത്ത ഏജൻസിയോട് പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രതികരണം വന്നിട്ടില്ല. 2018 ഒക്ടോബറിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് അഞ്ച് യൂനിറ്റ് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ 500 കോടി യു.എസ് ഡോളറിെൻറ കരാർ ഒപ്പിട്ടത്. ഇതിനെതിരെ അന്ന് ട്രംപ് ഭരണകൂടം ഉപരോധ ഭീഷണി ഉയർത്തിയിരുന്നു. ഈ ഇടപാടിൽ ബൈഡൻ ഭരണകൂടത്തിെൻറ നിലപാടെന്താകും എന്നത് വ്യക്തമല്ല. ദീർഘനാളായി ഇന്ത്യക്ക് റഷ്യയുമായി പ്രതിരോധ ഇടപാടുണ്ട്.
റഷ്യയുമായി പ്രതിരോധ ഇന്റലിജൻസ് ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനെതിരെയും ഉപരോധമേർപ്പെടുത്താൻ സാധിക്കുന്ന നിയമം (കാട്സ) 2017മുതൽ അമേരിക്കയിൽ നിലവിലുണ്ട്. എസ്-400 മിസൈൽ സംവിധാനം വാങ്ങിയതിെൻറ പേരിൽ അമേരിക്ക തുർക്കിക്കെതിരെ ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. ഇതേ നടപടി ഇന്ത്യക്കുമെതിരെ ഉണ്ടാകുമോ എന്നതാണ് ചർച്ചയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.