കിഴക്കൻ യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ, ജീവനു വേണ്ടിയുള്ള പോരാട്ടത്തിലെന്ന് സെലൻസ്കി
text_fieldsകിയവ്: ഖാർകിവ്, ഡോൺബാസ് ഉൾപ്പെടെയുള്ള യുക്രെയ്നിന്റെ കിഴക്കൻ മേഖലയിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ് തങ്ങളുള്ളതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
അർധരാത്രിയിൽ ഖാർകിവ് മേഖലയിൽ റഷ്യ ബോംബാക്രമണം നടത്തിയതായി മേഖല ഗവർണർ ഒലെഗ് സിനഗുബെവ് പറഞ്ഞു. സാൾട്ടിവ്ക താമസമേഖലയിൽ നടത്തിയ ആക്രമണത്തിൽ ഒരാൾക്ക് പരിക്കുണ്ട്. ലുഹാൻസ്ക് മേഖലയിലെ നഗരങ്ങളായ ഒറിഖോവോ, റുബിസ്നെ, നൊവൊഡ്രുസെക് എന്നിവിടങ്ങളിൽ അർധരാത്രിയിൽ റഷ്യ ഷെല്ലിങ് നടത്തിയതായി യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവിസ് (എസ്.ഇ.എസ്) അറിയിച്ചു. റുബിസ്നെ, നൊവൊഡ്രുസെക് എന്നിവിടങ്ങളിൽ താമസകേന്ദ്രങ്ങളിലാണ് ആക്രമണമെന്നും എസ്.ഇ.എസ് പറഞ്ഞു.
അതിനിടെ, മരിയുപോളിൽ കുടുങ്ങിയ ആയിരങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള മധ്യസ്ഥ നീക്കം നടത്തുകയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ സന്ദർശനത്തെ തുടർന്നാണ് ജീവകാരുണ്യ ഇടനാഴിക്കായുള്ള നീക്കം ശക്തമാക്കിയത്. അതേസമയം, ജീവകാരുണ്യ ഇടനാഴിയുടെ ആവശ്യമില്ലെന്ന് റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം 10 ലക്ഷം പേരെ യുക്രെയ്നിൽ നിന്ന് ഒഴിപ്പിച്ചതായും ലാവ്റോവ് അറിയിച്ചു. യുക്രെയ്നുമായുള്ള സന്ധി സംഭാഷണത്തിനായി തങ്ങൾക്ക് മേലുള്ള ഉപരോധം നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മരിയുപോളിലെ ഉരുക്കുശാലയിലെ സ്ഥിതി അതിഗുരുതരമാണെന്ന് മേയർ വട്യം ബോയ്ചെങ്കോ പറഞ്ഞു. ജനങ്ങൾ ജീവനു വേണ്ടി യാചിക്കുകയാണെന്നും അവരെ രക്ഷപ്പെടുത്തുക എന്നത് ദിവസങ്ങളുടെ വിഷയമല്ല, മണിക്കൂറുകളുടെ മാത്രം വിഷയമാണെന്നും മേയർ പറഞ്ഞു. അതിനിടെ യുക്രെയ്ൻ സേനക്കൊപ്പം യുദ്ധം ചെയ്യുകയായിരുന്ന മുൻ യു.എസ് സൈനികൻ കൊല്ലപ്പെട്ടതായി കുടുംബം അറിയിച്ചു. എന്നാൽ ഇക്കാര്യം യു.എസ് സ്ഥിരീകരിച്ചിട്ടില്ല. ഡോണട്സ്ക്, ലുഹാൻസ്ക് എന്നിവിടങ്ങളിൽ റഷ്യ തന്ത്രപരമായ മുന്നേറ്റം നടത്തുന്നതായി യുദ്ധരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.