യു.എൻ മനുഷ്യാവകാശ കൗൺസിൽ: റഷ്യ പുറത്തുതന്നെ
text_fieldsയുനൈറ്റഡ് നേഷൻസ്: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിൽ വീണ്ടും അംഗമാകാനുള്ള റഷ്യയുടെ ശ്രമം പരാജയപ്പെട്ടു. പൊതുസഭയിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിലാണ് റഷ്യ പരാജയം നേരിട്ടത്. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് കഴിഞ്ഞ വർഷമാണ് റഷ്യയെ കൗൺസിലിൽനിന്ന് പുറത്താക്കിയത്.
കിഴക്കൻ യൂറോപ്യൻ മേഖലയിലെ രണ്ട് സീറ്റുകൾക്കുവേണ്ടി അൽബേനിയ, ബൾഗേറിയ എന്നിവയാണ് റഷ്യക്കൊപ്പം മത്സരരംഗത്തുണ്ടായിരുന്നത്. രഹസ്യ ബാലറ്റിൽ ബൾഗേറിയ 160ഉം അൽബേനിയ 123ഉം വോട്ട് നേടിയപ്പോൾ റഷ്യക്ക് 83 വോട്ട് മാത്രമാണ് ലഭിച്ചത്. നിശ്ശബ്ദ ഭൂരിപക്ഷത്തിന്റെ പിന്തുണ തങ്ങൾക്കുണ്ടെന്ന് വോട്ടെടുപ്പിനുമുമ്പ് റഷ്യ അവകാശപ്പെട്ടിരുന്നു. അതേസമയം, 193 യു.എൻ അംഗരാജ്യങ്ങളിൽ 83 പേരുടെ പിന്തുണ റഷ്യക്ക് ലഭിച്ചുവെന്നത് യുക്രെയ്നെയും പാശ്ചാത്യ രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നതാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ലാറ്റിൻ അമേരിക്ക, കരീബിയൻ ഗ്രൂപ്പിലെ മൂന്ന് സീറ്റിനുവേണ്ടി നടന്ന മത്സരത്തിൽ ക്യൂബയും ബ്രസീലും ഡൊമിനിക്കൻ റിപ്പബ്ലിക്കും വിജയിച്ചപ്പോൾ പെറു പുറത്തായി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ക്യൂബക്കാണ് -146. ഏഷ്യ ഗ്രൂപ്പിലെ നാല് സീറ്റുകൾക്കുവേണ്ടി ചൈന, ജപ്പാൻ, ഇന്തോനോഷ്യ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് മത്സരിച്ചത്. 186 വോട്ട് നേടി ഇന്തോനേഷ്യ മുന്നിലെത്തിയപ്പോൾ കുവൈത്തിന് 183 വോട്ടും ജപ്പാന് 175 വോട്ടും ലഭിച്ചു. നാലാമതെത്തിയ ചൈനക്ക് 154 വോട്ടാണ് ലഭിച്ചത്. ആഫ്രിക്കൻ മേഖലയിൽനിന്ന് മലാവി, ഐവറി കോസ്റ്റ്, ഘാന, ബുറുണ്ടി എന്നിവയും പടിഞ്ഞാറൻ മേഖലയിൽനിന്ന് നെതർലൻഡ്സും ഫ്രാൻസും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.