ഇസ്രായേൽ കിരാത നടപടി തുടരുന്നതിനിടെ ചൈനയുമായി ചേർന്ന് മിഡിൽ ഈസ്റ്റ് നയം ഏകോപിപ്പിക്കാൻ റഷ്യ രംഗത്ത്
text_fieldsമോസ്‌കോ: കുട്ടികളും സ്ത്രീകളുമടക്കം നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ കിരാത നടപടി തുടരുന്നതിനിടെ ചൈനയുമായി ചേർന്ന് മിഡിൽ ഈസ്റ്റ് നയം ഏകോപിപ്പിക്കാൻ റഷ്യ രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ചൈന സന്ദർശനത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും തങ്ങളുടെ നയം ഏകോപിപ്പിക്കുകയാണെന്ന് റഷ്യ വ്യാഴാഴ്ച അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ ചൈനയുടെ പ്രത്യേക ദൂതൻ ഷായ് ജുനുമായി റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേൽ ബൊഗ്ദാനോവ് ദോഹയിൽ ചർച്ച നടത്തിയിരുന്നു. ഹമാസ്-ഇസ്രായേൽ സംഘർഷത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറിയതായും റഷ്യ പറഞ്ഞു. മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമത്തിൽ മോസ്കോയുടെയും ബെയ്ജിംഗിന്റെയും നിരന്തരമായ ശ്രദ്ധ ഉണ്ടായിരുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലിനും ഹമാസിനും ഇടയിൽ പ്രശ്ന പരിഹാരത്തിനുള്ള ദൂതനായാണ് റഷ്യ സ്വയം കാണുന്നത്. അതിനിടെ ഇസ്രായൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് ബന്ദികളെ മോചിപ്പിക്കുക, മാനുഷിക പ്രവേശനം, സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കൽ എന്നിവ അനുവദിക്കണമെന്ന യു.എൻ സുരക്ഷാ കൗൺസിലിൽ റഷ്യ അവതരിപ്പിച്ച പ്രമേയം കഴിഞ്ഞദിവസം അമേരിക്ക വീറ്റോ ചെയ്തിരുന്നു. മേഖലയിൽ റഷ്യ-ചൈന സ്വാധീനം വർധിക്കുന്നത് യു.എസ് താൽപര്യങ്ങൾക്ക് വിരുദ്ധമാകുമെന്നതോടെ പുതിയ സംഭവവികാസങ്ങൾക്ക് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.