120 മിസൈലുകളും 90 ഡ്രോണുകളും; യുക്രെയ്നിൽ റഷ്യയുടെ വൻ ആക്രമണം, ലക്ഷ്യം പവർ ഗ്രിഡുകൾ
text_fieldsകിയവ്: യുക്രെയ്ന്റെ വൈദ്യുതി നിർമാണ മേഖലയെ ലക്ഷ്യമിട്ട് കനത്ത വ്യോമാക്രമണം നടത്തി റഷ്യ. 120 മിസൈലുകളും 90 ഡ്രോണുകളും റഷ്യ വിക്ഷേപിച്ചതായി യുക്രെയ്ൻ പ്രസിഡൻ്റ് വോളോദിമിർ സെലൻസ്കി പറഞ്ഞു.
ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും രണ്ട് കുട്ടികൾക്കടക്കം ആറ് പേർക്ക് പരിക്കേറ്റു. യുക്രേനിയൻ പ്രതിരോധ സേന 140 ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടതായി സെലൻസ്കി പ്രസ്താവനയിൽ അറിയിച്ചു. മിസൈലുകൾ ഇടിച്ചും ഡ്രോൺ മാലിന്യം പതിച്ചും യുക്രെയ്നിലുടനീളമുള്ള നിരവധി വൈദ്യുതി നിർമാണ, വിതരണ അടിസ്ഥാന സൗകര്യങ്ങൾക്ക് തകരാർ സംഭവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ നിർമിത ഷാഹിദ് ഡ്രോണുകളും ക്രൂയിസ്, ബാലിസ്റ്റിക്, യുദ്ധ വിമാനങ്ങളിൽനിന്ന് വിക്ഷേപിക്കുന്ന ബാലിസ്റ്റ് മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യൻ സൈന്യത്തിന്റെ നീക്കം. വ്യത്യസ്തതരം ഡ്രോണുകളും വ്യോമാക്രമണത്തിൽ ഉപയോഗിച്ചു. യുക്രെയ്ന്റെ തലസ്ഥാനമായ കിയവിലും സുപ്രധാന തുറമുഖമായ ഒഡേസയിലും പടിഞ്ഞാറൻ, മധ്യ മേഖലകളിലും ഞായറാഴ്ചത്തെ ആക്രമണത്തിന്റെ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വരാനിരിക്കുന്ന ശൈത്യ കാലാവസ്ഥക്ക് മുന്നോടിയായി യുക്രെയ്ന്റെ വൈദ്യുതി ഉത്പാദന മേഖല തകരാറിലാക്കുകയാണ് റഷ്യയുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന. റഷ്യയുടെ കനത്ത വ്യോമാക്രണത്തെ തുടർന്ന് അതിർത്തി പ്രദേശങ്ങളുടെ സംരക്ഷണത്തിന് വേണ്ടി യുദ്ധ വിമാനങ്ങൾ അടക്കം സജ്ജമാക്കിയിരുന്നതായി പോളണ്ടിന്റെ സായുധ സേന കമാൻഡർ ‘എക്സ്’ൽ അറിയിച്ചു.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയത് മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ശക്തമായ ആക്രമണമായിരുന്നെന്ന് കിയവിലെ സിറ്റി മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ സെർഹി പോപ്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.