യുക്രെയ്നിൽ കനത്ത ആക്രമണവുമായി റഷ്യ: 22 മരണം
text_fieldsകിയവ്: യുക്രെയ്നിൽ മാസങ്ങൾക്കിടെ ഏറ്റവും കനത്ത റഷ്യൻ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. 128 പേർക്ക് പരിക്കേറ്റു. ഒറ്റ ദിവസം യുക്രെയ്നിൽ 122 മിസൈലുകളും 36 ഡ്രോണുകളും വിക്ഷേപിച്ചതായി പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. അധിനിവേശം ആരംഭിച്ച ശേഷം റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്ന് യുക്രെയ്ൻ വ്യോമസേന ഉദ്യോഗസ്ഥർ പറഞ്ഞു.
ഒറ്റ രാത്രിയിൽ നിരവധി നഗരങ്ങൾ ആക്രമിക്കപ്പെട്ടു. യുക്രെയ്ൻ വ്യോമസേനയുടെ കണക്കുപ്രകാരം നവംബർ 2022ലാണ് മുമ്പ് ഇത്ര വലിയ ആക്രമണം ഉണ്ടാകുന്നത്. അടിസ്ഥാന സൗകര്യങ്ങളും വ്യാവസായിക സൈനിക സൗകര്യങ്ങളും ലക്ഷ്യമിട്ടായിരുന്നു അക്രമമെന്ന് കരസേന മേധാവി ജനറൽ വലേരി സരുഷ്നി പറഞ്ഞു.
തലസ്ഥാന നഗരമായ കിയവിൽ കുറഞ്ഞത് മൂന്നുപേരെങ്കിലും മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നതായി മേയർ വിറ്റാലി ക്ലിറ്റിഷ്കോ പറഞ്ഞു. തുറമുഖ നഗരമായ ഡൈസയിൽ കുറഞ്ഞത് മൂന്നുപേർ കൊല്ലപ്പെടുകയും രണ്ട് കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിങ് കോംപ്ലക്സുകളിലും ജനവാസ മേഖലകളിലുമടക്കം മിസൈലുകൾ വീണത് ആക്രമണത്തിന്‍റെ തീവ്രത ഉയർത്തി.
റഷ്യ അതിന്‍റെ ആയുധപ്പുരയിലുള്ളതെല്ലാം ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പ്രസിഡന്‍റ് സെലൻസ്കി കുറ്റപ്പെടുത്തി. പാശ്ചാത്യ ശക്തികൾ യുക്രെയ്ന് നൽകുന്ന ആയുധങ്ങളിൽ വൻ കുറവുവന്നതോടെ പ്രത്യാക്രമണം ദുർബലമാകുമെന്ന ആശങ്ക ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.