യുക്രെയ്നിൽ ആക്രമണം കനപ്പിച്ച് റഷ്യ
text_fieldsകിയവ്: യുക്രെയ്നിൽ വെള്ളിയാഴ്ച റഷ്യ വ്യാപക മിസൈൽ ആക്രമണം നടത്തി. കിയവ് ഉൾപ്പെടെ നാല് നഗരങ്ങളിൽ 60ലേറെ മിസൈൽ വർഷിച്ചതായാണ് റിപ്പോർട്ട്. രണ്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വൈദ്യുതി, ജലവിതരണ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചു നശിപ്പിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ജലവിതരണവും വൈദ്യുതിയും തടസ്സപ്പെട്ടു. ഫെബ്രുവരിയിൽ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ശക്തമായ ആക്രമണങ്ങളിലൊന്നാണ് വെള്ളിയാഴ്ചയുണ്ടായത്.
ജനങ്ങൾ ബങ്കറുകളിൽ ഒളിച്ചതിനാലാണ് കൂടുതൽ ജീവഹാനി ഉണ്ടാകാതിരുന്നത്. കരിങ്കടലിൽനിന്ന് തൊടുത്ത ക്രൂസ് മിസൈലുകൾ യുക്രെയ്നിന്റെ വ്യോമപ്രതിരോധ സംവിധാനം തകർക്കാൻ ലക്ഷ്യമിട്ടു. ചില മിസൈലുകൾ യുക്രെയ്ൻ സേന വെടിവെച്ചിട്ടു. സപൊറീഷ്യ, ഖേഴ്സൺ എന്നിവയാണ് ആക്രമണമുണ്ടായ മറ്റു നഗരങ്ങൾ. ഊർജ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെട്ടതിനെ തുടർന്ന് സെൻട്രൽ ഖാർകിവ്, കിറോവോറാഡ്, ഡോണസ്ക്, ഡിനിപ്രോപെട്രോവ്സ്ക് എന്നിവിടങ്ങളിൽ മെട്രോ റെയിൽ പ്രവർത്തനം തടസ്സപ്പെട്ടു.
യുക്രെയ്ന് അമേരിക്ക അത്യാധുനിക പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നല്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. അമേരിക്കയുടെ നീക്കം പ്രകോപനപരമാണെന്ന് റഷ്യ പറഞ്ഞിട്ടുണ്ട്. ട്രക്കിൽ ഘടിപ്പിച്ച മിസൈൽ വിക്ഷേപിണിയും കൺട്രോൾ സ്റ്റേഷനും ജനറേറ്ററും ഉൾപ്പെട്ട പേട്രിയറ്റ് സംവിധാനത്തിന് വിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ വെടിവെച്ചിടാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.