വിവിധ യുക്രെയ്ൻ നഗരങ്ങളിൽ ആക്രമണം; 10 മരണം
text_fieldsകിയവ്: വിവിധ യുക്രെയ്ൻ നഗരങ്ങളിൽ കനത്ത മിസൈൽ ആക്രമണം നടത്തി റഷ്യ. ഊർജ്ജ, സൈനിക അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ പത്തുപേർ മരിക്കുകയും 60ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്രിമിയയിലെ പാലം തകർത്തത് ഉൾപ്പെടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് മറുപടിയാണ് ആക്രമണമെന്നും ഇനിയും ഇത് തുടർന്നാൽ തിരിച്ചടി ശക്തമാകുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
കിയവ്, ഖാർകിവ്, ടെർണോപിൽ, ഴിറ്റോമിർ, ക്രോപിൻസ്റ്റസ്കി, എൽവിവ്, ഖെമെൽനിറ്റ്സ്കി തുടങ്ങിയ നഗരങ്ങളിലാണ് തിങ്കളാഴ്ച രാവിലെ ആക്രമണമുണ്ടായത്. റെയിൽ ഗതാഗതം തടസ്സപ്പെട്ടു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും വൈദ്യുതി അടിസ്ഥാന സൗകര്യങ്ങളും തകർത്തു. സർക്കാർ ഓഫിസുകൾക്കുനേരെയും ആക്രമണമുണ്ടായി. സർവകലാശാല, ടെലി കമ്യൂണിക്കേഷൻ കെട്ടിടങ്ങളെ ലക്ഷ്യമാക്കി. രാവിലെ മുതൽ യുക്രെയ്നിൽ തുടരെ മിസൈൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. യുദ്ധം നടക്കുന്നുണ്ടെങ്കിലും സാധാരണ ജീവിതം നയിച്ചിരുന്നവരെ നടുക്കിയ ആക്രമണമാണ് ഉണ്ടായത്.
മാസങ്ങൾക്കുശേഷം ആളുകൾ മിസൈൽ പ്രതിരോധ അഭയകേന്ദ്രങ്ങളിലേക്കും ബങ്കറുകളിലേക്കും മടങ്ങി.
റഷ്യ 75 മിസൈൽ തൊടുത്തതായും ഇതിൽ 41 എണ്ണത്തെ പ്രതിരോധിച്ചതായും യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇറാൻ നിർമിത ഡ്രോൺ ഉപയോഗിച്ചും റഷ്യ ആക്രമിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ കെർച്ച് പാലത്തിൽ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനമാണ് റഷ്യയെ പ്രകോപിപ്പിച്ചത്.
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലം റഷ്യയുടെ അഭിമാന സ്തംഭങ്ങളിലൊന്നായിരുന്നു.
യുക്രെയ്ൻ: ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി: യുക്രെയ്നിൽ ആക്രമണം മൂർച്ഛിക്കുന്നതിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ശത്രുതാപരമായ നടപടികൾ അടിയന്തരമായി അവസാനിപ്പിക്കാനും നയതന്ത്രത്തിന്റെയും സംഭാഷണത്തിന്റെയും മാർഗം പുനരാരംഭിക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. ശനിയാഴ്ച ക്രിമിയയിലുണ്ടായ വൻ സ്‌ഫോടനത്തിന് മറുപടിയായി റഷ്യ യുക്രെയ്‌നിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയുടെ പ്രതികരണം. ശത്രുത വർധിക്കുന്നത് ആർക്കും നല്ലതല്ലെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണക്കുമെന്നും ബാഗ്ചി പറഞ്ഞു. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ ഇതുവരെ ഇന്ത്യ അപലപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.