യുക്രെയ്നിൽ റെയിൽവേ സ്റ്റേഷൻആക്രമിച്ച് റഷ്യ; 25 മരണം
text_fieldsകിയവ്: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ കിഴക്കൻ യുക്രെയ്നിലെ റെയിൽവേ സ്റ്റേഷനിൽ റഷ്യൻ മിസൈലാക്രമണം. നിപ്രോപെട്രോവ്സ്ക് പ്രവിശ്യയിലെ ചാപ്ലിനിലാണ് റെയിൽവേ സ്റ്റേഷൻ ആക്രമണത്തിനിരയായത്. ഇവിടെയുണ്ടായിരുന്ന നാലു ട്രെയിനുകൾക്ക് തീപിടിച്ചു. സ്റ്റേഷനിലും പരിസരങ്ങളിലുമായി 25 പേർ മരിച്ചതിൽ 11 വയസ്സുകാരനുമുണ്ട്.
രണ്ടു തവണയാണ് ചാപ്ലിനിൽ റഷ്യൻ മിസൈലുകൾ തീതുപ്പിയത്. താമസ കെട്ടിടത്തിനുനേരെയുണ്ടായ ആദ്യ ആക്രമണത്തിൽ ഒരു ബാലൻ കൊല്ലപ്പെട്ടു. റെയിൽവേ സ്റ്റേഷനിലുണ്ടായ രണ്ടാം ആക്രമണത്തിലാണ് കൂടുതൽ മരണം. സിവിലിയന്മാരാണ് കൊല്ലപ്പെട്ടതെന്ന് യുക്രെയ്ൻ സർക്കാർ അറിയിച്ചു. എന്നാൽ, സൈനികർക്ക് ആയുധവുമായി പുറപ്പെടാനിരുന്ന ട്രെയിനിനുനേരെയാണ് ആക്രമണം നടത്തിയതെന്നാണ് റഷ്യൻ വിശദീകരണം.
രാജ്യത്ത് സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനിടെയാണ് ചാപ്ലിനിലും മറ്റു നഗരങ്ങളിലും റഷ്യ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ആഴ്ചകൾക്കുശേഷം തലസ്ഥാന നഗരമായ കിയവിലും ആക്രമണമുണ്ടായി. ഖാർകിവ്, മിഖോലേവ്, നികോപോൾ, നിപ്രോ പട്ടണങ്ങളിലും റഷ്യൻ മിസൈലുകൾ പതിച്ചു. കിയവിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല. സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് വ്യാപക ആക്രമണത്തിന് റഷ്യ പദ്ധതിയിട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഇത് സാധൂകരിച്ചാണ് നിരവധി പട്ടണങ്ങളിൽ ബോംബറുകളും മിസൈലുകളും എത്തിയത്.
യുക്രെയ്നിൽ ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് യു.എൻ രംഗത്തെത്തിയിട്ടുണ്ട്. ആയിരങ്ങളുടെ മരണത്തിനും 68 ലക്ഷം പേരുടെ പലായനത്തിനും നിർബന്ധിതരാക്കിയ ആക്രമണം സങ്കൽപങ്ങൾക്കപ്പുറത്തെ കെടുതികളാണ് രാജ്യത്തിന് നൽകിയതെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗം മേധാവി മിഷേൽ ബാച്ലെറ്റ് പറഞ്ഞു. റെയിൽവേ സ്റ്റേഷൻ ആക്രമണത്തെ യു.എസ് ഉൾപ്പെടെ രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 300 കോടി ഡോളറിന്റെ ആയുധങ്ങൾ കൂടി യുക്രെയ്ന് നൽകാൻ യു.എസ് തീരുമാനമെടുത്തിരുന്നു.
അതിനിടെ, റഷ്യൻ സായുധ സേനയുടെ അംഗബലം 20 ലക്ഷത്തിലേറെയായി ഉയർത്തുന്ന ഉത്തരവിൽ പുടിൻ ഒപ്പുവെച്ചു. നിലവിൽ 19 ലക്ഷമുള്ളതാണ് ഒരു ലക്ഷത്തിലേറെ പേരെ അധികമായി ചേർത്ത് 20.4 ലക്ഷമാക്കുന്നത്.
മറ്റൊരു സംഭവത്തിൽ നിപ്രോയിൽ ഒരു റഷ്യൻ മിസൈൽ യുക്രെയ്ൻ വെടിവെച്ചിട്ടു.
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷിയയെ യുക്രെയ്ൻ വൈദ്യുതി ശ്രംഖലയിൽനിന്ന് ബന്ധം വിച്ഛേദിക്കാൻ ശ്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലയത്തിലേക്കുള്ള വൈദ്യുതി ലൈനുകളിൽ കഴിഞ്ഞ ദിവസം വ്യാപക ആക്രമണം നടന്നിരുന്നു.
യുക്രെയ്ൻ: റഷ്യക്കെതിരെ വോട്ടുചെയ്ത് ഇന്ത്യ
വാഷിങ്ടൺ: യു.എൻ രക്ഷാസമിതിയിൽ റഷ്യക്കെതിരെ വോട്ടുചെയ്ത് ഇന്ത്യ. യുക്രെയ്ൻ വിഷയത്തിൽ ആദ്യമായാണ് ഇന്ത്യ റഷ്യക്കെതിരെ പരസ്യ നിലപാടെടുക്കുന്നത്. മുമ്പും യു.എന്നിൽ യുക്രെയ്ൻ വിഷയമായിരുന്നെങ്കിലും ഇന്ത്യ വോട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. രക്ഷാസമിതിയിൽ രണ്ടു വർഷ കാലയളവിലേക്കുള്ള അംഗത്വമാണ് ഇന്ത്യയുടേത്. അധിനിവേശം ആറു മാസം പിന്നിട്ടതിന്റെ ഭാഗമായാണ് രക്ഷാസമിതിയിൽ യുക്രെയ്ൻ വിഷയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.