യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് നേപ്പാളിൽനിന്ന് കൂലിപ്പോരാളികൾ; മനുഷ്യക്കടത്ത് സംഘം പിടിയിൽ
text_fieldsകാഠ്മണ്ഡു: യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈനിക നിരയിൽ കൂലിപ്പോരാളികളാകാൻ ആളുകളെ കടത്തിയ സംഘം നേപ്പാളിൽ പിടിയിൽ. തൊഴിൽരഹിതരായ യുവാക്കൾക്ക് യാത്രാവിസ വാഗ്ദാനം ചെയ്ത് വലിയ തുക തട്ടിയെടുത്ത 10 പേരാണ് പിടിയിലായത്. തട്ടിപ്പിനിരയായവരെ നിർബന്ധിച്ച് റഷ്യൻ സേനയിൽ അനധികൃതമായി നിയമിക്കുകയായിരുന്നു.
സൈന്യത്തിലുള്ള നേപ്പാൾ സ്വദേശികളെ തിരിച്ചയക്കണമെന്ന് കാഠ്മണ്ഡു സർക്കാർ മോസ്കോയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നിൽ ആറ് നേപ്പാൾ സ്വദേശികൾ കൊല്ലപ്പെടുകയും ഒരാളെ യുക്രെയ്ൻ സൈന്യം പിടിച്ചുവെക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി. ഓരോരുത്തരുടെ കൈയിൽനിന്നും അനധികൃതമായി 9000 ഡോളർ വാങ്ങി റഷ്യയിലേക്ക് കടത്തുകയും പിന്നീട് സെന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയുമായിരുന്നുവെന്ന് കാഠ്മണ്ഡു ജില്ല പൊലീസ് മേധാവി ഭൂപേന്ദ്ര ഖാത്രി പറഞ്ഞു.
ജീവൻ നഷ്ടപ്പെട്ട നേപ്പാൾ സ്വദേശികളുടെ കുടുംബങ്ങൾക്കുവേണ്ടി നേപ്പാൾ റഷ്യയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഗൂർഖകൾ എന്ന പേരിൽ സൈനിക മികവിന് പേരുകേട്ടവരാണ് നേപ്പാളികൾ. ഇവർ ബ്രിട്ടീഷ്, ഇന്ത്യൻ സേനകൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, റഷ്യയുമായി അങ്ങനെയൊരു കരാറില്ല. രണ്ടുവർഷം കഴിഞ്ഞും അറുതിയില്ലാതെ തുടരുന്ന യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കായി പൊരുതാൻ മൂന്നു ലക്ഷം പേരെ നിയമിക്കാൻ നേരത്തെ ക്രെംലിൻ ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.