യുക്രെയ്നിൽ കരയാക്രമണവുമായി റഷ്യ; ആറു ഗ്രാമങ്ങൾ പിടിച്ചു
text_fieldsകിയവ്: കിഴക്കൻ യുക്രെയ്നിൽ കരസേനയെ ഇറക്കിയ റഷ്യ ആറു ഗ്രാമങ്ങൾ പിടിച്ചെടുത്തതായി അവകാശവാദം. ഖാർകിവിൽ റഷ്യയുമായി അതിർത്തി പങ്കിടുന്ന ബോറിസിവ്ക, ഒഗിർത്സെവ, െപ്ലറ്റനിവ്ക, പിൽന, സ്ട്രിലെച്ച എന്നിവയും ഡോനെറ്റ്സ്കിൽ കെറാമിക് ഗ്രാമവുമാണ് പിടിച്ചെടുത്തതെന്ന് റഷ്യ അറിയിച്ചു. ഖാർകിവിൽ കനത്ത ചെറുത്തുനിൽപ് നടത്തുന്നുണ്ടെന്നും റഷ്യ നിയന്ത്രണത്തിലാക്കിയ ഗ്രാമങ്ങൾക്കായി പോരാട്ടം തുടരുകയാണെന്നും യുക്രെയ്ൻ അധികൃതരും അറിയിച്ചു.
2022ൽ റഷ്യൻ അധിനിവേശം ആരംഭിച്ച ശേഷം ഏറെയായി യുക്രെയ്ൻ നിയന്ത്രണത്തിലാണ് ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ ഖാർകിവ്. കൂടുതൽ പ്രവിശ്യകൾ പിടിച്ച് റഷ്യ കരുത്തുകാട്ടുന്ന സാഹചര്യത്തിൽ അടിയന്തരമായി ആയുധ സഹായം എത്തിക്കണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. റഷ്യൻ നിയന്ത്രിത മേഖലകളിൽ യുക്രെയ്നും ആക്രമണം തുടരുകയാണ്.
റഷ്യ ഭരിക്കുന്ന ലുഗാൻസ്ക് മേഖലയിൽ യു.എസ് മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ സേന നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. റോവെൻകിയിലെ എണ്ണ സംഭരണ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. റഷ്യയിൽ ബെൽഗോറോഡ്, കുർസ്ക് മേഖലകളിലെ ആക്രമണങ്ങളിൽ രണ്ടുപേരും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.