പ്രിഗോഷിനിനെതിരെ യുദ്ധക്കുറ്റം ഒഴിവാക്കിയിട്ടില്ലെന്ന് റഷ്യ
text_fieldsമോസ്കോ: റഷ്യയെ 24 മണിക്കൂർ മുൾമുനയിൽ നിർത്തിയ വാഗ്നർ കൂലിപ്പട നടത്തിയ അട്ടിമറി നീക്കത്തെ ന്യായീകരിച്ച് മേധാവി യെവ്ജെനി പ്രിഗോഷിൻ. റഷ്യക്കാർ ആഗ്രഹിച്ചതാണ് ഈ നീക്കമെന്നും രാജ്യത്തിന്റെ മൊത്തം സുരക്ഷാസംവിധാനത്തിലും ഗുരുതര വീഴ്ചകളുണ്ടെന്നും പിൻമാറ്റത്തിനു ശേഷം ആദ്യമായി പുറത്തുവിട്ട സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. തെക്കൻ റഷ്യയിലെ റോസ്തോവ് നഗരം പിടിച്ച് മോസ്കോ ലക്ഷ്യമിട്ട് പുറപ്പെട്ട പ്രിഗോഷിനും സംഘവും പുടിൻ ഭരണകൂടവുമായി ഒത്തുതീർപ്പിലെത്തി സൈനികനീക്കം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനുള്ള കരാറിൽ ക്രെംലിനും പ്രിഗോഷിനും ധാരണയായതിന്റെ അടിസ്ഥാനത്തിലായിരുന്നു പിന്മാറ്റം. കരാർ പ്രകാരം പ്രിഗോഷിൻ അയൽരാജ്യമായ ബെലറൂസിലേക്ക് മടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ ദിവസം റോസ്തോവ് നഗരത്തിൽനിന്ന് വാഹനത്തിൽ പുറപ്പെടുന്ന ചിത്രങ്ങളും പുറത്തുവന്നു. പ്രിഗോഷിന് പിന്നീട് എന്തു സംഭവിച്ചെന്നതിനെക്കുറിച്ച് സൂചനകളുണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഭരണ അട്ടിമറി ലക്ഷ്യമിട്ടില്ലെന്നും എന്നാൽ, ജനം ആവശ്യപ്പെട്ടത് ചെയ്യുകയായിരുന്നുവെന്നും വിശദീകരിച്ച് രംഗത്തുവന്നത്.
വാഗ്നർ കൂലിപ്പടക്കും പ്രിഗോഷിനുമെതിരായ കലാപക്കുറ്റം ഒഴിവാക്കിയിട്ടില്ലെന്നാണ് റഷ്യൻ വിശദീകരണം. പ്രിഗോഷിൻ നടത്തിയത് രാജ്യദ്രോഹമാണെന്നും പിന്നിൽനിന്നുള്ള കുത്താണെന്നും പുടിനും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കടുത്ത നടപടികളുടെ തുടക്കമാണോ എന്ന് വ്യക്തമല്ല. രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്ന കരാറിലാണ് ഇരുവിഭാഗവും എത്തിയതെന്ന് മധ്യസ്ഥനായി നിന്ന ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ പറയുന്നു. വാഗ്നർ പട്ടാളത്തിന് സുരക്ഷ ഉറപ്പാക്കുന്നതാണ് കരാറെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
കലാപശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ പ്രിഗോഷിന് കൂടുതൽ മുന്നോട്ടുപോകാനില്ലെന്നും ഇതിലും ചെറിയ നീക്കങ്ങൾക്ക് വധശിക്ഷ നടപ്പാക്കിയ പാരമ്പര്യമാണ് പുടിനെന്നും പ്രമുഖ അമേരിക്കൻ രാഷ്ട്രീയ വിശകലന വിദഗ്ധൻ ഇയാൻ ബ്രെമർ അഭിപ്രായപ്പെടുന്നു. 23 വർഷമായി അധികാരത്തിൽ തുടരുന്ന പുടിന് സമീപകാലത്തൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത ആശങ്കയാണ് വാഗ്നർ സംഘം ഉയർത്തിയിട്ടുള്ളത്. യുക്രെയ്നിലെ സൈനിക നീക്കങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ദക്ഷിണ കമാൻഡ് പിടിച്ചതിനുപുറമെ തലസ്ഥാന നഗരമായ മോസ്കോക്ക് 200 കി.മീ. അടുത്തുവരെ കൂലിപ്പട എത്തുകയും ചെയ്തു. നഗരം അടച്ചിട്ടാണ് ക്രെംലിൻ തൽക്കാലം പ്രതിസന്ധി ഒഴിവാക്കിയത്. എന്നാൽ, ഔദ്യോഗിക സേനയും പ്രിഗോഷിന്റെ വാഗ്നറും തമ്മിൽ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിൽ അപകടമൊഴിവാക്കാൻ അറ്റകൈക്ക് പുടിൻ മുതിരുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ജൂലൈ ഒന്നുമുതൽ വാഗ്നർ സേനയെ ഔദ്യോഗിക സൈന്യത്തിന്റെ ഭാഗമാക്കാൻ നേരത്തേ റഷ്യൻ സർക്കാർ നിർദേശിച്ചത് അവസാനനിമിഷം നടപ്പാക്കുമോയെന്നും കാത്തിരുന്ന് കാണണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.