അതിർത്തിയിൽ ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് റഷ്യ
text_fieldsമോസ്കോ: ദക്ഷിണ മേഖലയിലുള്ള ബെൽഗോറോദിൽ നിരവധി ഡ്രോണുകൾ റഷ്യൻ സേന വെടിവെച്ചിട്ടതായി പ്രാദേശിക അധികൃതർ പറഞ്ഞു. യുക്രെയ്നിൽനിന്നുള്ള കടന്നുകയറ്റക്കാരെ അടിച്ചമർത്തിയതായി മോസ്കോ പ്രഖ്യാപിച്ചതിനു പിന്നാലെയാണിത്. കഴിഞ്ഞദിവസം രാത്രിയാണ് ഡ്രോണുകൾ കണ്ടെത്തിയതെന്ന് ബെൽഗൊറോദ് ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്കോവ് പറഞ്ഞു.
അതേസമയം, യുക്രെയ്ൻ അധികൃതർ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. നുഴഞ്ഞുകയറ്റക്കാരുമായുള്ള ഏറ്റുമുട്ടലിൽ 72 പേരെ കൊലപ്പെടുത്തിയതായി കഴിഞ്ഞ ദിവസം റഷ്യ അറിയിച്ചിരുന്നു. റഷ്യൻ ഭാഗത്ത് ആൾനാശമുണ്ടായോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ചൈന ബന്ധം പുതിയ ഉയരത്തിൽ -റഷ്യ
ബെയ്ജിങ്: പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള സമ്മർദം ചൈനയുമായുള്ള റഷ്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ പറഞ്ഞു. ബെയ്ജിങ്ങിൽ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. യുക്രെയ്ൻ അധിനിവേശത്തെച്ചൊല്ലി അന്താരാഷ്ട്ര തലത്തിലെ ഒറ്റപ്പെടലിനിടെ നയതന്ത്രപരവും സാമ്പത്തികവുമായ പിന്തുണക്കായി റഷ്യ കൂടുതലായി ചൈനയിലേക്ക് തിരിയുന്ന സാഹചര്യത്തിലാണ് മിഷുസ്റ്റിന്റെ സന്ദർശനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘അഭൂതപൂർവമായ ഉയർന്ന തലത്തി’ലാണെന്ന് റഷ്യൻ പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര രംഗത്ത് വർധിച്ചുവരുന്ന പ്രക്ഷുബ്ധതയും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പ്രകോപനപരമായ സമ്മർദവുമാണ് ഇതിനു കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.