സുരക്ഷ വിഷയങ്ങളിൽ യു.എസ് ഉറപ്പു ലഭിക്കാതെ പിൻമാറ്റമില്ലെന്ന് റഷ്യ
text_fields
സുരക്ഷ വിഷയങ്ങളിൽ വ്യക്തമായ ഉറപ്പുകൾ ലഭിക്കാതെ യുക്രെയ്ൻ അതിർത്തിയിൽനിന്നും പൂർണമായ സൈനിക പിൻമാറ്റം സാധ്യമല്ലെന്ന് റഷ്യ അറിയിച്ചു. യുക്രെയ്ന് ആയുധങ്ങൾ നൽകുന്ന നടപടി യു.എസ് ഉടൻ അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. യു.എസ് സുരക്ഷാ നിർദേശങ്ങൾക്കുള്ള റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടിസ്‍ലാണ് റഷ്യയുടെ ആവശ്യം. കിഴക്കൻ യൂറോപ്പിലെ നാറ്റോ–യു.എസ് സേനയെ പിൻവലിക്കണമെന്നും യു.എസ് മുൻകൈയെടുത്ത് ഉറപ്പുകൾ നൽകിയില്ലെങ്കിൽ സാങ്കേതികമായും സൈനികമായും ശക്തമായി പ്രതികരിക്കുമെന്നും റഷ്യ മുന്നറിയിപ്പും നൽകി.
അധിനിവേശ താൽപര്യം റഷ്യക്കില്ലെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ആവർത്തിച്ചു. നയതന്ത്ര ചർച്ചകളിലൂടെ പരിഹാരമാണ് താൽപര്യമെന്നുംവിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി ലൂജി ഡി മായിയോക്ക് ഉറപ്പുനൽകി. യുക്രെയ്നിന് നാറ്റോ അംഗത്വം നൽകാതിരുന്നാൽ സുരക്ഷാ കാര്യങ്ങളിൽ പാശ്ചാത്യ രാജ്യങ്ങളുമായി ചർച്ച തുടരും.
യുക്രെയ്ൻ വിമതർ ഷെല്ലാക്രമണം നടത്തിയതോടെ വെടിനിർത്തൽ കരാർ ലംഘിച്ചതായി യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ആരോപിച്ചു. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ലുഹാൻസ്ക് എന്ന് വിമതർ സ്വയം പ്രഖ്യാപിച്ച മേഖലയിൽനിന്നാണു യുക്രെയ്ൻ സൈന്യത്തിനുനേരെ ഷെല്ലാക്രമണമുണ്ടായത്. എന്നാൽ യുക്രെയ്ൻ സേന പ്രകോപനമില്ലാതെ നാലുവട്ടം വെടിവച്ചതായി വിമതർ ആരോപിച്ചു.
യുക്രെയ്ൻ സംഘർഷം ചർച്ചാവിഷയമായ മ്യൂണിക് സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാൻ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്ന് മ്യൂണിക്കിൽ എത്തും. യുക്രെയ്ൻ പ്രസിഡന്റ് ഉൾപ്പെടെ എല്ലാ പ്രമുഖ യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം, യുക്രെയ്ൻ ആക്രമിക്കാനും വരും ദിവസങ്ങളിൽ ആക്രമണം നടത്താനുമുള്ള കാരണം കെട്ടിച്ചമക്കാൻ റഷ്യ തയ്യാറെടുക്കുകയാണെന്ന് യു. എസ് ആരോപിച്ചു. സൈനിക നടപടി ഉടനടി ആരംഭിക്കുമെന്ന് വ്യാഴാഴ്ച പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. എന്നാൽ നയതന്ത്രപരമായ പരിഹാരം ഇപ്പോഴും സാധ്യമാണെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, യു.എസ് അനാവശ്യ പിരിമുറുക്കം സൃഷ്ടിക്കുകയാണെന്നും അവരുടെ അവകാശവാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും റഷ്യ പ്രതികരിച്ചു. യുക്രെയ്നെ അക്രമിക്കുമെന്ന വാർത്തകൾ റഷ്യ ആവർത്തിച്ച് നിരസിച്ചു. സൈന്യത്തെ അതിർത്തിയിൽനിന്ന് പിൻവലിച്ചുതുടങ്ങിയതായും അവർ അറിയിച്ചു. എന്നാൽ, യു.എസ് അടക്കമുള്ള പശ്ചാത്യ രാജ്യങ്ങൾ ഇത് വിശ്വസിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.