നേരിട്ട് വിമാന സർവിസ്: താൽപര്യമുണ്ടെന്ന് റഷ്യ, പ്രതികരിക്കാതെ യു.എസ്
text_fieldsമോസ്കോ: മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം യു.എസിലേക്ക് നേരിട്ട് വിമാന സർവിസ് പുനരാരംഭിക്കാൻ റഷ്യ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. തുർക്കിയയിലെ ഇസ്തംബൂളിൽ നടന്ന യു.എസ്-റഷ്യ നയതന്ത്ര ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ചയായതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
റഷ്യയുടെ നിർദേശത്തോട് യു.എസ് അധികൃതരും പ്രതികരിച്ചിട്ടില്ല. 2022 ഫെബ്രുവരി 24ന് റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം ഏർപ്പെടുത്തിയ നിരവധി ഉപരോധങ്ങളുടെ ഭാഗമായാണ് യു.എസും മറ്റു പാശ്ചാത്യ രാജ്യങ്ങളും റഷ്യയുമായുള്ള വ്യോമബന്ധം വിച്ഛേദിച്ചത്.
റഷ്യക്കും മധ്യ യൂറോപ്പിനുമുള്ള ഡെപ്യൂട്ടി അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി സൊനറ്റ കോൾറ്ററിന്റെ നേതൃത്വത്തിലുള്ള യു.എസും സംഘവും വിദേശകാര്യ മന്ത്രാലയത്തിന്റെ വടക്കേ അമേരിക്കൻ വകുപ്പ് മേധാവി അലക്സാണ്ടർ ദാർച്ചിയേവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ സംഘവുമാണ് ഇസ്തംബൂളിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. എംബസികളുടെ പ്രവർത്തനങ്ങൾക്ക് പരസ്പരം ധനസഹായം ഉറപ്പാക്കുന്നതിനും തുടർ ചർച്ചകൾ നടത്താനും ധാരണയായതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.