ലോക്സഭാ തെരഞ്ഞെടുപ്പിനിടെ യു.എസ് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതായി റഷ്യ
text_fieldsമോസ്കോ: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യു.എസ് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ. കേന്ദ്രസർക്കാർ മതസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റം നടത്തുന്നുവെന്ന യു.എസ് ഫെഡറൽ കമ്മിഷൻ റിപ്പോർട്ടിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇന്ത്യയുടെ ദേശീയ മനോഭാവത്തേയും ചരിത്രവും മനസിലാക്കാതെയാണ് യു.എസ് റിപ്പോർട്ട് തയാറാക്കിയതെന്നും, ഇതിലൂടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനും രാഷ്ട്രീയ അസ്ഥിരത വരുത്താനുമാണ് അവർ ശ്രമിക്കുന്നതെന്നും റഷ്യ ആരോപിച്ചു.
അന്താരാഷ്ട്ര മത സ്വാതന്ത്ര്യം സംബന്ധിച്ച യു.എസ് കമ്മിഷന്‍റെ വാർഷിക റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാറിനു നേരെ വിമർശനമുയർന്നത്. പ്രത്യേക വിഭാഗത്തിന് പ്രാധാന്യം നൽകുന്ന മതസ്വാതന്ത്ര്യമാണ് ഇന്ത്യയിലുള്ളതെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു. വിവേചന ബുദ്ധിയോടെയുള്ള ദേശീയത നടപ്പാക്കാനാണ് ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാർ ശ്രമിക്കുന്നത്. യു.എ.പി.എ നിയമത്തിന്‍റെ തുടർച്ചയായ പ്രയോഗം, വിദേശനിക്ഷേപ നിയന്ത്രണ നിയമം, പൗരത്വ ഭേദഗതി നിയമം, ഗോവധ നിരോധനം, മതപരിവർത്തന നിരോധന നിയമം എന്നിവയെല്ലാം രാജ്യത്തെ മതന്യൂനപക്ഷത്തെ ലക്ഷ്യംവെക്കുന്നു. മതന്യൂനപക്ഷത്തെ സംബന്ധിച്ച മാധ്യമ വാർത്തകളും എൻ.ജി.ഒ റിപ്പോർട്ടുകളും നിരീക്ഷണ വിധേയമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ യു.എസ് കമ്മിഷൻ റിപ്പോർട്ടിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയവും രംഗത്തുവന്നിരുന്നു. പ്രത്യേക രാഷ്ട്രീയ അജണ്ടയോടെയാണ് യു.എസ് റിപ്പോർട്ട് തയാറാക്കിയതെന്നും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും ജനാധിപത്യ സവിശേഷതകളും മനസിലാക്കാൻ കമ്മിഷനു കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ വക്താവ് രൺധിർ ജെയ്സ്വാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.