സപോറിഷ്യ ആണവനിലയത്തിനു സമീപം വീണ്ടും ആക്രമണവുമായി റഷ്യ
text_fieldsകിയവ്: റഷ്യയോട് കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ച സപോറിഷ്യ പ്രവിശ്യയിൽ കനത്ത ആക്രമണവുമായി റഷ്യൻ സേന. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം പിടിച്ചെടുക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമായിരുന്നു നിലയപരിസരത്ത് കനത്ത ബോംബിങ്. വ്യാഴാഴ്ച പുലർച്ചെ തുടങ്ങിയ ആക്രമണങ്ങളിൽ കെട്ടിടങ്ങൾ നിലംപൊത്തി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. മൂന്നുവയസ്സുകാരി ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ബോംബിങ് ഏറെനേരം നീണ്ടുനിന്നു. നിപ്രോ നദിക്കരയിലെ ജനങ്ങളോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശിച്ചു.
സപോറിഷ്യ പട്ടണമധ്യത്തിൽ ഇപ്പോഴും യുക്രെയ്ൻ സേനാസാന്നിധ്യമുണ്ടെങ്കിലും പ്രവിശ്യയുടെ 75 ശതമാനവും റഷ്യൻ പിടിയിലാണ്. ഇതുൾപ്പെട്ട നാലു പ്രവിശ്യകളാണ് കഴിഞ്ഞ ദിവസം റഷ്യയുടേതാക്കി പുടിൻ പ്രഖ്യാപിച്ചത്. കിഴക്ക് ഡോണെറ്റ്സ്ക്, ലുഹാൻസ്ക്, തെക്ക് ഖേഴ്സൺ എന്നിവയാണ് രാജ്യാന്തര ചട്ടങ്ങൾ ലംഘിച്ച് റഷ്യ കൂട്ടിച്ചേർത്ത മറ്റുള്ളവ. അധിനിവേശം ആരംഭിച്ച തുടക്കം മുതൽ സപോറിഷ്യ നിലയം റഷ്യൻ നിയന്ത്രണത്തിലാണ്. ഇവിടെ പ്രവർത്തിക്കുന്ന യുക്രെയ്ൻ ഉദ്യോഗസ്ഥരെ നിലനിർത്തിയായിരുന്നു റഷ്യൻ പിടിച്ചെടുക്കൽ. കൂട്ടിച്ചേർത്ത പ്രവിശ്യകളിലെ എല്ലാ ജനങ്ങളും ഇനി റഷ്യൻ പൗരന്മാരായിരിക്കുമെന്നും റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, അന്താരാഷ്ട്ര ആണവോർജ സമിതി മേധാവി റാഫേൽ ഗ്രോസിയുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച നിലയം സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.അതിനിടെ, പ്രത്യാക്രമണം തുടരുന്ന യുക്രെയ്ൻ റഷ്യൻ നിയന്ത്രണത്തിലുള്ള കൂടുതൽ പ്രദേശങ്ങൾ തിരിച്ചുപിടിച്ചു. റഷ്യ കൂട്ടിച്ചേർത്ത ഖേഴ്സണിൽ നൊവോവോക്രെസൻസ്കെ, നോവോഹ്രിഹോറിവ്ക, പെട്രോപാവ്‍ലിവ്ക എന്നീ പ്രദേശങ്ങളാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം യുക്രെയ്ന്റെ 18 ശതമാനം ഭൂമി റഷ്യ കൂട്ടിച്ചേർത്തതായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരായ യു.എൻ പ്രമേയം പാസാക്കാനുള്ള നീക്കം റഷ്യതന്നെ ഇടപെട്ട് തടഞ്ഞതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.