യുക്രെയ്ന് ആയുധം എത്തിക്കുന്ന വാഹനങ്ങൾ ആക്രമിക്കും
text_fieldsകിയവ്: യുദ്ധവേളയിലെആയുധ കൈമാറ്റം അങ്ങേയറ്റം അപകടകരമാണെന്ന് റഷ്യ. യുക്രെയ്ന് ആയുധങ്ങൾ കൈമാറുന്ന വാഹനങ്ങൾ ആക്രമിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. ആയുധങ്ങളുമായി യുക്രെയ്‌നിൽ എത്തുന്ന കപ്പലുകളും വാഹനങ്ങളും റഷ്യൻ സായുധ സേന നശിപ്പിക്കുമെന്നും അവർ അറിയിച്ചു.
യുക്രെയ്‌ന് ആയുധം നൽകുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് റഷ്യ യു.എസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് റഷ്യൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങൾക്കെതിരായ വ്യക്തിഗത ഉപരോധങ്ങൾ സമീപഭാവിയിൽ റഷ്യ പ്രസിദ്ധീകരിക്കുമെന്നും സെർജി റിയാബ്കോവ് പറഞ്ഞു. റഷ്യയുടെ എതിർചേരിയിൽ നിൽക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് അടുത്തിടെ പുറത്തുവിട്ടിരുന്നു.
റഷ്യൻ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണെന്നും നാറ്റോ സഖ്യവും റഷ്യയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ആയുധ കൈമാറ്റം എത്തിക്കാൻ ഇടയുണ്ടെന്നുമാണ് വിലയിരുത്തൽ. യുക്രെയ്നിൽ റഷ്യക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. നാറ്റോ സഖ്യവും റഷ്യയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ മൂന്നാം ലോക യുദ്ധത്തിന് കാരണമാകുമെന്നും തടയേണ്ടതാണെന്നുള്ള നിലപാടിലാണ് യു.എസ്. ഈ സാഹചര്യത്തിലാണ് ആയുധ കൈമാറ്റത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ രംഗത്തെത്തിയതും. അതേസമയം, റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കൈവിനോട് വളരെ അടുത്തെത്തി. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ നഷ്ടം അനുഭവിച്ചതിന് ശേഷമാണ് റഷ്യ പുതിയ സൈന്യത്തെ കിയവിലേക്ക് അയക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി പറഞ്ഞു.
കൈവിനടുത്തുള്ള ഗ്രാമത്തിൽ നിന്ന് പലായനം ചെയ്ത സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു സംഘത്തിന് നേരെ റഷ്യൻ സൈന്യം വെടിയുതിർത്തതായി യുക്രെയ്ൻ പറഞ്ഞു. ഏഴ് പേർ കൊല്ലപ്പെട്ടു. അപകടത്തിൽപെട്ടത് ഒരു കുട്ടിയാണ്.
ശനിയാഴ്ച യുക്രേനിയൻ നഗരങ്ങളിൽ നിന്ന് 13,000 പേരെ ഒഴിപ്പിച്ചതായി ഉപപ്രധാനമന്ത്രി പറഞ്ഞു. യുക്രെയ്ൻ ആളുകളെ ഒഴിപ്പിക്കാനും മാനുഷിക ഇടനാഴികളിലൂടെ സഹായം എത്തിക്കാനും ശ്രമിക്കുന്ന പ്രദേശങ്ങളിൽ റഷ്യൻ ആക്രമണം തുടരുകയാണെന്ന് കൈവ്, ഡൊനെറ്റ്സ്ക് മേഖലകളിലെ ഗവർണർമാർ പറഞ്ഞു.
സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ അടിസ്ഥാനപരമായി വ്യത്യസ്തമായ സമീപനമാണ് റഷ്യ സ്വീകരിച്ചതെന്ന് യുക്രേനിയൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ എന്തുതരം ചർച്ചക്കും തയ്യാറാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.