റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം
text_fieldsമോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിൻ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ, റഷ്യൻ സൈന്യത്തിൽ അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം. ദ്വിദിന സന്ദർശനത്തിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി മോദി, കഴിഞ്ഞ രാത്രി പുടിനൊപ്പം അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. ഇതിനിടെ നടന്ന ചർച്ചയിലാണ് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരെ വിട്ടയക്കാൻ ധാരണയായത്. മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട മോദിയെ പുടിൻ അഭിനന്ദിച്ചു.
യുക്രെയ്നുമായുള്ള യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തോടൊപ്പമുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. യുദ്ധഭൂമിയിൽ നിരവധി ഇന്ത്യക്കാർ സൈന്യത്തോടൊപ്പമുണ്ടെന്നും വിവരമുണ്ട്. മലയാളികൾ ഉൾപ്പെടെ ഇരുപതിലേറെ ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ടത്. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഏജന്‍റുമാർ ഇവരെ റഷ്യയിലെത്തിക്കുകയായിരുന്നു.
ഈ വർഷമാദ്യം, പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നുമുള്ള യുവാക്കളുടെ വിഡിയോ പുറത്തുവന്നതും വലിയ വാർത്തയായിരുന്നു. സൈനിക യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട യുവാക്കൾ, തങ്ങൾ വഞ്ചിക്കപ്പെട്ടതാണെന്ന് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മാർച്ചിൽ കേന്ദ്രം വ്യക്തമാക്കി. പിന്നീട് നയതന്ത്ര തലത്തിൽ ചർച്ചകളും സജീവമായിരുന്നു.
അതേസമയം, റഷ്യൻ സന്ദർശനത്തിന്‍റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പുടിനുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. 22-ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടിയിൽ ഇരുനേതാക്കളും പങ്കെടുക്കും. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓഡർ ഓഫ് സെന്‍റ് ആൻഡ്രൂ പുരസ്കാരം പ്രധാനമന്ത്രി ഏറ്റുവാങ്ങും. 2019ൽ പ്രഖ്യാപിച്ച പുരസ്കാരമാണിത്. റഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്‍റെ പ്രതിനിധികളുമായും മോദി ഇന്ന് പ്രത്യേക കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.