നാല് യുക്രെയ്ൻ പ്രദേശങ്ങൾ നാളെ റഷ്യയോട് കൂട്ടിച്ചേർക്കും; പുടിൻ പ്രഖ്യാപനം നടത്തും
text_fieldsമോസ്കോ: യുക്രെയ്നിലെ നാല് പ്രദേശങ്ങൾ വെള്ളിയാഴ്ച ഔദ്യോഗികമായി റഷ്യയോട് കൂട്ടിച്ചേർക്കുമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ വക്താവ് അറിയിച്ചു.
ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിലെ ജോർജിയൻ ഹാളിൽ പ്രാദേശിക സമയം വൈകീട്ട് മൂന്നിന് യുക്രെയ്നിലെ നാലു പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർക്കുന്ന ചടങ്ങ് നടക്കുമെന്ന് വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ചടങ്ങിൽ പുടിനാണ് പ്രഖ്യാപനം നടത്തുക. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
യുദ്ധത്തിൽ പിടിച്ചെടുത്ത യുക്രെയ്ൻ പ്രദേശങ്ങളായ ഡോണെറ്റ്സ്ക്, ലുഹാന്‍സ്ക് റിപ്പബ്ലിക്കുകളിലും ഹേഴ്‍സണ്‍, സപോര്‍ഷ്യ പ്രവിശ്യകളിലും കഴിഞ്ഞദിവസം ഹിതപരിശോധന നടത്തിയിരുന്നു. നാല് മേഖലകളിലും 95 ശതമാനത്തിലധികം പേര്‍ തങ്ങൾക്കൊപ്പം ചേരാന്‍ വോട്ടുചെയ്തതായി റഷ്യ അവകാശപ്പെടുന്നു. അതേസമയം, വോട്ടെടുപ്പ് അംഗീകരിക്കില്ലെന്ന് യുക്രെയ്നും യൂറോപ്യന്‍ യൂനിയനും നാറ്റോയും വ്യക്തമാക്കിയിട്ടുണ്ട്.
ലുഹാന്‍സ്കിലും ഡോണെറ്റ്സ്കിലും നേരത്തെ റഷ്യന്‍ അനുകൂല ഭരണകൂടങ്ങളാണ്. ഫെബ്രുവരിയിലെ സൈനിക നടപടിയിലൂടെയാണ് ഹേഴ്സണും സപോര്‍ഷ്യയും റഷ്യ പിടിച്ചെടുത്തത്.
റഷ്യൻ അനുകൂല നേതാക്കളെല്ലാം പുടിനെ കാണാനായി ക്രെംലിനിലെത്തിയിട്ടുണ്ട്. അതിനിടെ യുക്രെയ്ൻ പ്രദേശങ്ങൾ റഷ്യയോട് കൂട്ടിച്ചേർക്കാനുള്ള തീരുമാന പശ്ചാത്തലത്തിൽ അമേരിക്ക റഷ്യക്കെതിരെ പുതിയ ഉപരോധം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.