യുക്രെയ്നിലെ സൈനികക്കരുത്ത് കൂട്ടാൻ റഷ്യ
text_fieldsകിയവ്: യുക്രെയ്ൻ അധിനിവേശം ഏഴു മാസമെത്തുകയും വ്യക്തമായ മുന്നേറ്റമില്ലാതെ റഷ്യ വലയുകയും ചെയ്യുന്നതിനിടെ യുക്രെയ്നിലെ സൈനികക്കരുത്ത് കൂട്ടാൻ റഷ്യ. റിസർവ് സൈന്യത്തെ ഭാഗികമായി അണിനിരത്താൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടു. തങ്ങളുടെ പ്രദേശം സംരക്ഷിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് പുടിൻ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇതൊരു വീമ്പുപറയലല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മൂന്നു ലക്ഷത്തോളം പേരെ അണിനിരത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുക്രെയ്നിൽ സേവനമനുഷ്ഠിക്കാനുള്ള റിസർവ് സൈന്യത്തിൽ ചേരുന്നതിൽനിന്ന് ഏതു വിഭാഗത്തിലുള്ള പൗരന്മാരെ ഒഴിവാക്കുമെന്ന് ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൈന്യത്തെ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി വിദ്യാർഥികളെ വിളിക്കില്ലെന്ന് റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയിഗു വ്യക്തമാക്കി.
ലുഹാൻസ്ക്, ഡൊണെറ്റ്സ്ക്, ഖേഴ്സൺ, ഭാഗികമായി റഷ്യൻ നിയന്ത്രണത്തിലുള്ള സപോറിഷ്യ മേഖലകളിൽ വെള്ളിയാഴ്ച ഹിതപരിശോധന നടത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബുധനാഴ്ച പുടിൻ ടെലിവിഷൻ പ്രസംഗത്തിൽ ഇക്കാര്യമറിയിച്ചത്. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയിൽ റഷ്യയുടെ ഹിതപരിശോധന പദ്ധതികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.പാശ്ചാത്യ രാജ്യങ്ങൾ ആണവായുധം കാട്ടി വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്ന് പുടിൻ പ്രസംഗത്തിൽ കുറ്റപ്പെടുത്തി. റഷ്യക്കെതിരെ വൻതോതിൽ ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ച് പ്രമുഖ നാറ്റോ രാജ്യങ്ങളിലെ ചില ഉന്നത പ്രതിനിധികൾ പ്രസ്താവന കുറിച്ചു. ഇത്തരക്കാരോട് റഷ്യയെയും ജനങ്ങളെയും സംരക്ഷിക്കാൻ തീർച്ചയായും ഞങ്ങളുടെ പക്കലുള്ള എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും ഓർമിപ്പിക്കുന്നതായും പുടിൻ പറഞ്ഞു. റിസർവ് സൈനിക നീക്കത്തിനുള്ള ഉത്തരവിൽ ഒപ്പുവെച്ചതായും പുടിൻ പറഞ്ഞു. അതേസമയം, യുക്രെയ്നെ രക്തത്തിൽ മുക്കിക്കൊല്ലാൻ പുടിൻ ആഗ്രഹിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി ആരോപിച്ചു. ഹിതപരിശോധന പദ്ധതികളെ തള്ളിക്കളഞ്ഞ സെലൻസ്കി പ്രഖ്യാപനങ്ങളെ ചുറ്റിപ്പറ്റി ധാരാളം ചോദ്യങ്ങളുണ്ടെന്ന് രാത്രിപ്രസംഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.