യുക്രെയ്ൻ പട്ടണങ്ങളിൽ തീതുപ്പി റഷ്യ; നിരവധി മരണം
text_fieldsകിയവ്: ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് യുക്രെയ്ൻ നഗരങ്ങളിൽ അഗ്നി വർഷിച്ച് റഷ്യ. നിരവധി പട്ടണങ്ങളാണ് ഒരേ ദിവസം റഷ്യൻ മിസൈലുകളിൽ വിറച്ചത്. ദക്ഷിണ മേഖലയിലെ നികോപോളിൽ തുടർച്ചയായ മൂന്നാം ദിവസവും ബോംബറുകളെത്തിയപ്പോൾ മരണം 37 ആയി. നിരവധി പേർക്ക് പരിക്കേറ്റു. നിപ്രോ നദിക്കരയിലെ പട്ടണത്തിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരുമുണ്ടെന്ന് യുക്രെയ്ൻ അടിയന്തര വിഭാഗം അറിയിച്ചു.
നഗരത്തിൽ ഒരു വ്യവസായകേന്ദ്രത്തിലും തൊട്ടുചേർന്ന തെരുവിലുമാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. കെട്ടിടങ്ങൾ തകർന്നതിനു പുറമെ വാഹനങ്ങളും ചാമ്പലായി. വെള്ളിയാഴ്ച നികോപോളിന് സമീപം നിപ്രോ പട്ടണത്തിലും ആക്രമണമുണ്ടായി. ഇവിടെ മൂന്നു പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുകിഴക്കൻ മേഖലയിൽ ഖാർകിവിനു സമീപം ചുഹുയിവിൽ നടന്ന ആക്രമണത്തിൽ 70കാരിയുൾപെടെ മൂന്നു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. താമസ കെട്ടിടം, സ്കൂൾ, കട എന്നിവയാണ് ആക്രമിക്കപ്പെട്ടത്. ഡോണെറ്റ്സ്കിൽ 10ഓളം കേന്ദ്രങ്ങളിലും വെള്ളിയാഴ്ച ആക്രമണമുണ്ടായി. ഇവിടെ എട്ടു പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. കരിങ്കടലിലെ റഷ്യൻ അന്തർവാഹിനിയിൽനിന്ന് തൊടുത്ത മിസൈൽ പതിച്ച് വിനിറ്റ്സിയ പട്ടണത്തിൽ ഓഫിസ് കെട്ടിടം തകർന്നു. ആക്രമണത്തിൽ 23 പേർ മരിച്ചു.
അതിനിടെ, യുക്രെയ്നിൽനിന്ന് ധാന്യ കയറ്റുമതിക്ക് റഷ്യ ഏർപ്പെടുത്തിയ വിലക്ക് എടുത്തുകളഞ്ഞതായി സൂചന. തുർക്കിയുടെ കാർമികത്വത്തിൽ നടന്ന ചർച്ചയിലാണ് ധാരണ. കരാറിൽ അടുത്തയാഴ്ച ഒപ്പുവെക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ധാന്യം കയറ്റുമതിചെയ്യാനുള്ള അനുമതി മാത്രമാണെന്നും ഇത് സമാധാന കരാറല്ലെന്നും റഷ്യ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.