യുക്രെയ്നിൽ വെടിനിർത്തലിന് യു.എൻ ആഹ്വാനം
text_fieldsമോസ്കോ: യുക്രെയ്നിൽ എത്രയും വേഗം വെടിനിർത്തണമെന്ന് ആഹ്വാനം ചെയ്ത് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയിലാണ് ആവശ്യമുന്നയിച്ചത്. ഈ ആഴ്ച യുക്രെയ്ൻ തലസ്ഥാനമായ കിയവ് സന്ദർശിക്കാനിരിക്കുന്ന ഗുട്ടെറസ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷ.
''ഫലപ്രദമായ സംഭാഷണത്തിനും എത്രയും വേഗം വെടിനിർത്തലിനും സമാധാനപരമായ പരിഹാരത്തിനും സാഹചര്യങ്ങൾ സൃഷ്ടിക്കാൻ വഴികൾ കണ്ടെത്തുന്നതിൽ ഞങ്ങൾക്ക് അതീവ താൽപര്യമുണ്ട്'' -യോഗത്തിന്റെ ആരംഭത്തിൽ ഗുട്ടെറസ് പറഞ്ഞു.
യുക്രെയ്നിലെ പോരാട്ടം ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷക്കുണ്ടാക്കുന്ന ആഘാതം കുറക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഗുട്ടെറസ് പറഞ്ഞു. യൂറോ-അറ്റ്ലാന്റിക് മേഖലയിൽ സമീപ ദശകങ്ങളായി കുമിഞ്ഞുകൂടുന്ന നിരവധി പ്രശ്നങ്ങൾക്ക് കാരണമായ യുക്രെയ്നിനു ചുറ്റുമുള്ള സാഹചര്യം ചർച്ച ചെയ്യുമെന്ന് ലാവ്റോവ് പറഞ്ഞു.
പതിനായിരക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്ന മരിയുപോളിൽനിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഇടപെടണമെന്ന് ഗുട്ടെറസിനോട് യുക്രെയ്ൻ നേരത്തേ അഭ്യർഥിച്ചിരുന്നു.
പാശ്ചാത്യ രാജ്യങ്ങൾ ആയുധം എത്തിക്കുന്നതിനാൽ യുക്രെയ്നിലെ സംഘർഷം മൂന്നാം ലോകയുദ്ധത്തിലേക്കു നീങ്ങുമെന്ന് റഷ്യ കഴിഞ്ഞദിവസം മുന്നറിയിപ്പും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.