മകാരിവ് തിരിച്ചുപിടിച്ചതായി യുക്രെയ്ൻ; മരിയുപോളിൽ റഷ്യ ആക്രമണം കടുപ്പിച്ചു
text_fieldsകിയവ്: തലസ്ഥാനമായ കിയവിന്റെ പ്രാന്തപ്രദേശമായ മകാരിവ് തിരിച്ചുപിടിച്ചതായി യുക്രെയ്ൻ. ചൊവ്വാഴ്ച പുലർച്ച, കനത്ത പോരാട്ടത്തിന് ശേഷമാണ് മകാരിവിൽനിന്ന് റഷ്യൻ സൈന്യത്തെ പുറത്താക്കിയതെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ പ്രധാന ഹൈവേയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും വടക്കുപടിഞ്ഞാറുനിന്ന് കിയവിലേക്കുള്ള റഷ്യൻ സൈനിക മുന്നേറ്റം തടയാനും കഴിഞ്ഞതായി അധികൃതർ അറിയിച്ചു.
അതേസമയം, മറ്റു വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളായ ബുച്ച, ഹോസ്‌റ്റോമെൽ, ഇർപിൻ എന്നിവ ഭാഗികമായി റഷ്യയുടെ നിയന്ത്രണത്തിൽ തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സ്‌ഫോടനങ്ങളും വെടിയൊച്ചകളും കിയവിനെ വിറപ്പിക്കുകയാണ്. കിയവിന്റെ പരിസര മേഖലകൾ വളയാനും പിടിച്ചെടുക്കാനുമാണ് റഷ്യയുടെ ശ്രമം. നഗരങ്ങളിലും സാധാരണക്കാരെയും ഉന്നമിട്ട് റഷ്യൻ വ്യോമ സംവിധാനവും പീരങ്കികളും ആക്രമണം അഴിച്ചുവിടുകയാണെന്ന് യുക്രെയ്ൻ ആരോപിക്കുന്നു.
കിയവിൽ ബുധനാഴ്ച രാവിലെ വരെ 35 മണിക്കൂർ കർഫ്യൂവായതിനാൽ താമസക്കാർ പുറത്തിറങ്ങാതെ വീട്ടിനകേത്താ ബങ്കറുകളിലോ അഭയംതേടിയിരിക്കുകയാണ്. കീഴടങ്ങണമെന്ന റഷ്യൻ ആവശ്യം യുക്രെയ്ൻ നിരസിച്ചതാണ് മരിയുപോളിൽ റഷ്യൻ ആക്രമണം കടുപ്പിക്കാൻ കാരണം. നിരന്തര ബോംബാക്രമണങ്ങൾക്കും തെരുവുകളിലെ മൃതദേഹ കാഴ്ചകൾക്കും ഇടയിലൂടെ ഇപ്പോഴും പലായനം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.