നഗരങ്ങൾ വളഞ്ഞ് ആക്രമണം കടുപ്പിച്ച് റഷ്യ; സൈന്യം കിയവിന്‍റെ 25 കിലോമീറ്റർ അകലെ
text_fieldsകിയവ്: യുക്രെയ്ൻ ചെറുത്ത് നിൽപ് ശക്തമാക്കിയതോടെ തന്ത്രങ്ങൾ മാറ്റി ആക്രമണം കൂടുതൽ കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കിയവിനു ചുറ്റും ആക്രമണം ശക്തമാക്കി. വടക്കുപടിഞ്ഞാറൻ മേഖലകളിൽ രൂക്ഷപോരാട്ടമാണ് നടക്കുന്നത്.
കിയവിൽനിന്ന് 25 കിലോമീറ്റർ അകലെ റഷ്യൻ സൈന്യം നിലയുറപ്പിച്ചു. ഖാർകിവ്, ചെർണീവ്, സുമി, മരിയുപോൾ നഗരങ്ങളും റഷ്യൻ സൈന്യം വളഞ്ഞു. കിഴക്കൻ മേഖലയിലെ ഡ്നിപ്രോ, പടിഞ്ഞാറുള്ള ലുട്സ്ക്, ഇവാനോ -ഫ്രാൻകിവ്സ്ക് നഗരങ്ങളിലും വ്യോമാക്രമണം തുടരുകയാണ്. കിയവിലെ വാസിൽകിവ് നഗരത്തിന് സമീപത്തെ വ്യോമതാവളവും ആയുധസംഭരണകേന്ദ്രവും റഷ്യയുടെ റോക്കറ്റാക്രമണത്തിൽ തകർന്നതായി മേയർ നതാലിയ ബലാസിനോവിച് അറിയിച്ചു. ശനിയാഴ്ച രാവിലെയാണ് റോക്കറ്റാക്രമണം നടന്നത്.
തുറമുഖ നഗരമായ മരിയുപോളിൽ തുർക്കി പൗരന്മാരടക്കം 80ലേറെ ആളുകളുടെ അഭയകേന്ദ്രമായിരുന്ന പള്ളി റഷ്യ ഷെല്ലാക്രമണത്തിൽ തകർത്തു. ആക്രമണത്തിൽ എത്രപേർ മരിച്ചുവെന്നത് വ്യക്തമല്ല. ഒരാഴ്ചയായി റഷ്യൻ സൈന്യത്തിന്റെ ഉപരോധത്തിലാണ് മരിയുപോൾ. ഇവിടെ കനത്ത ആക്രമണമാണ് നടക്കുന്നത്. വെള്ളവും ഭക്ഷണവുമില്ലാതെ തണുപ്പ് അതിജീവിക്കാൻ സംവിധാനമില്ലാതെ നിരാശരായ ജനക്കൂട്ടമാണ് മരിയുപോളിലുള്ളതെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് വെളിപ്പെടുത്തി. റഷ്യ ആക്രമണം കടുപ്പിച്ചതോടെ മരിയുപോളിൽ നിന്ന് ഒഴിപ്പിക്കലും നടക്കുന്നില്ല.
റഷ്യൻ അധിനിവേശം 17 ദിവസം പിന്നിടുമ്പോൾ 1,300 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. അതേസമയം, 6000ഓളം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പടിഞ്ഞാറൻ നഗരമായ ചെർണീവിലും കനത്ത ഷെല്ലിങ്ങാണ് നടക്കുന്നത്. ലുഹാൻസ്കിന്റെ 70 ശതമാനം ഭാഗവും റഷ്യ കൈയടക്കിയതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.