റഷ്യൻ കപ്പൽ തകർത്തതായി യുക്രെയ്ൻ
text_fieldsകിയവ്: റഷ്യൻ ആക്രമണം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ തുറമുഖ നഗരമായ ബെർഡിയാൻസ്കിന് സമീപം റഷ്യയുടെ വലിയ ലാൻഡിങ് കപ്പലായ ഓർസ്ക് തകർത്തതായി യുക്രെയ്ൻ നാവികസേന അറിയിച്ചു. കപ്പലിന് എന്ത് സംഭവിച്ചുവെന്ന് റഷ്യൻ സൈന്യം പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 27 മുതൽ ബെർഡിയാൻസ്ക് റഷ്യയുടെ നിയന്ത്രണത്തിലാണ്.
അതിനിടെ റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിന് മറുപടിയെന്നോണം നാറ്റോ സഖ്യരാജ്യങ്ങളുടെ കിഴക്കൻ പ്രദേശത്ത് പ്രതിരോധം ശക്തമാക്കാൻ തീരുമാനം. റഷ്യൻ നടപടിയെ തുടർന്ന് നാറ്റോയുടെ പ്രതിരോധ നീക്കം സജീവമാക്കിയതായും കിഴക്കൻ ഭാഗത്ത് 40,000 സൈനികരെ നിയോഗിക്കുമെന്നും ബ്രസൽസിൽ നടന്ന അടിയന്തര ഉച്ചകോടിക്ക് ശേഷം നാറ്റോ സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ചു.
ബൾഗേറിയ, ഹംഗറി, റുമേനിയ,സ്ലോവാക്യ എന്നിവിടങ്ങളിൽ അധികമായി നാല് ബഹുരാഷ്ട്ര യുദ്ധസംഘങ്ങളെയും തയാറാക്കും. എല്ലാ സഖ്യകക്ഷികളുടെയും സുരക്ഷയും പ്രതിരോധവും ഉറപ്പുവരുത്താനുള്ള നടപടികളെടുത്തതായും അവർ കൂട്ടിച്ചേർത്തു. നാറ്റോ, ജി7, യൂറോപ്യൻ യൂനിയൻ ഉച്ചകോടിക്കായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബ്രസൽസിലെത്തിയിരുന്നു. റഷ്യക്കെതിരെ പുതിയ ഉപരോധമുണ്ടാവുമെന്നാണ് വിലയിരുത്തൽ.
യുക്രെയ്ൻ വിട്ടോടിയ ഒരുലക്ഷം അഭയാർഥികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. റഷ്യൻ ആക്രമണത്തിൽ 1035 യുക്രെയ്ൻ പൗരന്മാർ കൊല്ലപ്പെട്ടതായും 1650 പേർക്ക് പരിക്കേറ്റതായും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ഓഫിസ് സ്ഥിരീകരിച്ചു. മരിച്ചവരിൽ 90 കുട്ടികളുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
നാലാഴ്ചക്കിടെ യുക്രെയ്നിൽ 7,000 മുതൽ 15,000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി നാറ്റോ സൈനിക ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആറ് റഷ്യൻ ജനറൽമാരെ വധിച്ചതായും യുക്രെയ്ൻ അവകാശപ്പെടുന്നു. എന്നാൽ ഒരു ജനറലിന്റെ മരണം മാത്രമാണ് റഷ്യ സ്ഥിരീകരിക്കുന്നത്. യുക്രെയ്ന്റെ കടുത്ത ചെറുത്തുനിൽപ്പാണ് ഇപ്പോഴും റഷ്യക്ക് തിരിച്ചടിയാകുന്നത്.
അതേസമയം, യുക്രെയ്ൻ സ്വന്തം സൈനികനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏകദേശം 1,300 യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായി രണ്ടാഴ്ച മുമ്പ് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചിരുന്നു. യുദ്ധം ആരംഭിച്ചശേഷം കിയവിൽ 264 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.
റഷ്യൻ അധിനിവേശം അവസാനിപ്പിക്കാൻ ആഗോള പ്രതിഷേധം ഉയരണമെന്ന് ആഹ്വാനം ചെയ്ത സെലൻസ്കി റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ ആയുധങ്ങളുൾപ്പെടെ ഫലപ്രദവും അനിയന്ത്രിതവുമായ പിന്തുണ നൽകണമെന്ന് നാറ്റോയോട് ആവശ്യപ്പെടുകയും ചെയ്തു.
യുക്രെയ്നിലെ മാനുഷിക ദുരന്തത്തിന് റഷ്യയെ കുറ്റപ്പെടുത്തുന്ന പ്രമേയം യു.എൻ പൊതുസഭ അംഗീകരിച്ചു. അഞ്ചിനെതിരെ 140 വോട്ടുകൾക്കാണ് പ്രമേയം പാസായത്. റഷ്യക്ക് പുറമെ ഉത്തര കൊറിയ, സിറിയ, ബെലറൂസ്, ഐരിത്രിയ എന്നീ രാജ്യങ്ങളാണ് എതിർത്ത് വോട്ട് ചെയ്തത്. ഇന്ത്യയും ചൈനയുമടക്കം 38 രാജ്യങ്ങൾ വിട്ടുനിന്നു. യുക്രെയ്നെതിരെ റഷ്യ കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും ഇന്ത്യ വിട്ടുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.