റഷ്യ-യുക്രെയ്ൻ സമാധാന ചർച്ച തുർക്കിയിൽ ആരംഭിച്ചു
text_fieldsഇസ്തംബൂൾ: റഷ്യയുടെ രക്തരൂഷിത അധിനിവേശത്തിൽ ആയിരങ്ങൾക്ക് ജീവൻ നഷ്ടപ്പെടുകയും ലക്ഷങ്ങൾ അഭയാർഥികളാക്കപ്പെടുകയും ചെയ്ത യുക്രെയ്നിൽ സമാധാനത്തിന്റെ നേരിയ കിരണം. തുർക്കിയിലെ ഇസ്തംബൂളിൽ ചൊവ്വാഴ്ച ആരംഭിച്ച സമാധാന ചർച്ചകളിൽ ആശാവഹമായ പുരോഗതി ഉണ്ടാകുന്നതിന്റെ വാർത്തകൾക്ക് പിന്നാലെ ഭാഗികമായി ആക്രമണം നിർത്തിവെക്കുകയാണെന്ന് റഷ്യ അറിയിച്ചു.
യുക്രെയ്ൻ തലസ്ഥാനമായ കിയവ്, പ്രധാന നഗരങ്ങളിലൊന്നായ ചെർണിവ് എന്നിവിടങ്ങളിലാണ് ഒരുമാസത്തിലേറെയായി തുടരുന്ന ആക്രമണം തൽക്കാലം നിർത്തിവെച്ചത്. ഇക്കാര്യം യുക്രെയ്നും സ്ഥിരീകരിച്ചു.
അടിയന്തര വെടിനിർത്തലാണ് യുക്രെയ്ൻ ചർച്ചയിൽ മുന്നോട്ടുവെച്ച പ്രധാന ആവശ്യം. ഇതേ ആവശ്യം തുർക്കിയും മുന്നോട്ടുവെച്ചിരുന്നു. പുരോഗതിയുണ്ടെന്ന് ചർച്ചക്ക് മധ്യസ്ഥത വഹിക്കുന്ന തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അവകാശപ്പെട്ടു.
ഉർദുഗാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ചർച്ചയെക്കുറിച്ച് ധാരണയിലെത്തിയത്. ചർച്ച തുടരുന്നതിനിടെ, തെക്കൻ നഗരമായ കൈകോലയിവിൽ മിസൈൽ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതിനിടെ, യുക്രെയ്നില് റഷ്യ ആണവ-രാസായുധ പ്രയോഗം നടത്താനുള്ള സാധ്യതയുണ്ടെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം തള്ളി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് രംഗത്തുവന്നു. യുക്രെയ്നിലെ റഷ്യൻ സൈനിക നടപടി ആണവായുധം പ്രയോഗിക്കാനുള്ള കാരണമല്ലെന്നും റഷ്യയുടെ നിലനിൽപിന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്നും രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പെസ്കോവ് പറഞ്ഞു. കിയവിനു സമീപത്തെ തന്ത്രപ്രധാന നഗരമായ ഇർപിൻ തിരിച്ചുപിടിച്ചതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.