സ്കൂളിലും കമ്യൂണിറ്റി സെന്ററിലും റഷ്യൻ ആക്രമണം; 21 മരണം
text_fieldsകിയവ്: യുക്രെയ്നിലെ ഖാർകിവിന് സമീപമുള്ള മെറെഫയിലെ സ്കൂളിനും കമ്യൂണിറ്റി സെന്ററിനും നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ 21പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഖാർകിവ് മേഖലയിൽ കനത്ത ആക്രമണമാണ് റഷ്യ നടത്തുന്നത്. കിയവിന് വടക്കു കിഴക്കുള്ള ചെർണീവിൽ ഹോസ്റ്റലിനുനേരെയുണ്ടായ ഷെല്ലാക്രമണത്തിൽ ദമ്പതികളും അവരുടെ മൂന്ന് കുട്ടികളും കൊല്ലപ്പെട്ടു.
സമാധാന ചർച്ചയിലൂടെ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷകൾ തുടരുന്നതിനിടെ യുക്രെയ്ൻ നഗരങ്ങളിൽ റഷ്യ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. തുറമുഖ നഗരമായ മരിയുപോളിലെ ആയിരങ്ങൾ അഭയം തേടിയ തിയറ്റർ റഷ്യൻ സൈന്യം ബോംബിട്ട് തകർത്തു. ആയിരത്തിനും 1200നുമിടെ ആളുകളാണ് ആക്രമണം നടക്കുമ്പോൾ തിയറ്ററിനുള്ളിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭൂരിപക്ഷംപേരും രക്ഷപ്പെട്ടതായാണ് വിവരം. ബുധനാഴ്ച വൈകീട്ട് നടന്ന ആക്രമണത്തിൽ മൂന്നുനില തിയറ്റർ കെട്ടിടം പൂർണമായി തകർന്നതിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ശത്രുസൈന്യം ബോംബ് വർഷിക്കാതിരിക്കാൻ മുന്നിലും പിറകിലുമായി 'കുട്ടികൾ'എന്ന് വലിയ അക്ഷരത്തിൽ റഷ്യൻ ഭാഷയിൽ എഴുതിയിരുന്ന കെട്ടിടത്തിന് നേർക്കാണ് അത് വകവെക്കാതെ ആക്രമണമുണ്ടായത്.
സ്ത്രീകളും കുട്ടികളുമടക്കം അഭയം തേടിയ മരിയുപോളിലെ തന്നെ സ്വമ്മിങ് പൂൾ കോംപ്ലക്സും റഷ്യൻ വ്യോമാക്രമണത്തിൽ തകർന്നു. മരണസംഖ്യ പുറത്തുവന്നിട്ടില്ല. രണ്ട് ആക്രമണങ്ങളും റഷ്യ നിഷേധിച്ചിട്ടുണ്ട്. കിയവിൽ താമസസമുച്ചയം തകർത്ത മിസൈലിന്റെ അവശിഷ്ടം പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. ചെർണീവിൽ ഭക്ഷണം വാങ്ങാൻ വരിനിൽക്കുകയായിരുന്ന 13 പേർ ഷെല്ലാക്രമണത്തിൽ മരിച്ചു. യുക്രെയ്നിലെ സൈനിക നീക്കം ആസൂത്രണം ചെയ്ത രീതിയിൽ നീങ്ങുന്നതായും അധികം വൈകാതെ ലക്ഷ്യം കാണുമെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു. അതിനിടെ, റഷ്യ-യുക്രെയ്ൻ പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ചക്ക് മാധ്യസ്ഥ്യം വഹിക്കാമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.