ഇത് റഷ്യയുടെ 'ബോംബുകളുടെ പിതാവ്'; 300 കിലോമീറ്ററിൽ നാശം വിതക്കും -അറിയാം പടക്കളത്തിലെ തയാറെടുപ്പുകൾ
text_fieldsലോകത്തെ ഏറ്റവും മാരകമായ ആണവേതര ബോംബ് റഷ്യയുടെ ആയുധപ്പുരയിലുണ്ട്. 'എല്ലാ ബോംബുകളുടെയും പിതാവ്' (FOAB) എന്നാണിത് അറിയപ്പെടുന്നത്. 300 കിലോമീറ്റർ ചുറ്റളവിൽ വ്യാപകമായ നാശനഷ്ടം വരുത്താൻ ശേഷിയുണ്ട്.
ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആണവ ഇതര ബോംബാണിത്. യുക്രെയ്നിനെതിരായ യുദ്ധത്തിൽ ഇത് ഉപയോഗിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പദ്ധതിയിടുന്നതായാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
44 ടണ്ണിലധികം ടി.എൻ.ടിക്ക് തുല്യമായ സ്ഫോടനശേഷിയുള്ള അതിശക്തനാണിത്. ജെറ്റ് വിമാനത്തിൽനിന്ന് താഴേക്കിടുമ്പോൾ അന്തരീക്ഷത്തിൽവെച്ചു തന്നെ പൊട്ടിത്തെറിക്കുകയും ചെറിയ ആണവായുധത്തിന് സമാനമായ പ്രഹരശേഷിക്കിടയാക്കുകയും ചെയ്യുന്നു. റഷ്യ 2007ൽ വികസിപ്പിച്ചെടുത്തു. അമേരിക്കയുടെ 'എല്ലാ ബോംബുകളുടെയും മാതാവ്' (MOAB) നേക്കാൾ നാലിരട്ടി നാശശേഷിയുള്ളതാണെന്നാണ് റിപ്പോർട്ട്. 2017ൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെയാണ് ഇത് അമേരിക്ക ആദ്യമായി പ്രയോഗിച്ചത്. 2003ൽ ഫ്ലോറിഡയിലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്.
ചൈനയും 'ബോംബുകളുടെ മാതാവി'ന്റെ ഭീഷണി നേരിടാൻ ബോംബ് 2019ൽ നിർമിച്ചിട്ടുണ്ട്. സൈനിക കേന്ദ്രങ്ങളും കെട്ടിടങ്ങളും തകർക്കാൻ കരുത്തുള്ള ഇതിന് 'സിയാൻ എച്ച്-6കെ' എന്നാണ് പേര്.
പടക്കളത്തിൽ റഷ്യ
●യുക്രെയ്ൻ അതിർത്തിയിൽ റഷ്യ യുദ്ധസജ്ജരാക്കിയത് 1,90,000 ഭടൻമാരെ.
●ടാങ്കുകൾ, മിസൈലുകൾ, പടക്കോപ്പുകൾ, വ്യോമാക്രമണ സംവിധാനങ്ങൾ, നാവിക സഹായവും ഇതിലുൾപ്പെടുന്നു.
●ഇസ്കന്തർ ഹ്രസ്വ ദൂര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിണികൾ, സ്പെറ്റ്നാസ് എന്ന പ്രത്യേക ദൗത്യസേന, എസ് 400 മിസൈൽ പ്രതിരോധ സംവിധാനം
●1,69,000-1,90, 000 സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നതെന്ന് യു.എസ്
●റഷ്യൻ അനുകൂല യുക്രെയ്ൻ അതിർത്തി രാജ്യമായ ബെലറൂസ്, റഷ്യ അധിനിവേശം നടത്തി പിടിച്ചെടുത്ത ക്രിമിയ എന്നിവിടങ്ങളിലും സൈന്യം.
●ജനുവരി അവസാനം മുതൽ കാലാൾപ്പടയും വ്യോമസേനയും അടക്കം ക്രിമിയയിൽ വൻ പടനീക്കം
●ക്രിമിയയിലെ ഡോണുസ്ലാവ് തടാകത്തിൽ ഹെലികോപ്ടർ വിന്യാസം
●ബെലറൂസ്-യുക്രെയ്ൻ അതിർത്തിയിലെ ബോൾഷോയ് ബൊകോവ് വ്യോമതാവളത്തിൽ സൈനിക വിന്യാസം
●ഫെബ്രുവരിയിൽ അറ്റ്ലാന്റിക് -പസഫിക് സമുദ്രങ്ങളിൽ റഷ്യ സൈനികാഭ്യാസം നടത്തിയിരുന്നു.
●140 പടക്കപ്പലുകളും, 60 യുദ്ധവിമാനങ്ങളും, 10,000 സൈനികരും ഇതിൽ അണിനിരന്നു.
●കരിങ്കടലിലും അസോവ് കടലിലും ആറ് പടക്കപ്പലുകൾ. കൂടാതെ ടാങ്കുകൾ, സൈനികർ, കവചിത വാഹനങ്ങൾ എന്നിവയടക്കം കരസൈന്യത്തിനും ഹെലികോപ്ടർ പടക്കും സഹായം നൽകുന്ന ആംഫിബിയസ് ആക്രമണ കപ്പലുകളും വിന്യസിച്ചിരിക്കുന്നു.
●കാപ്സിയൻ കടലിൽ ക്രൂയിസ് മിസൈൽ കപ്പലുകൾ.
●റഷ്യയുടെ 60 ശതമാനം സൈനികരും യുക്രെയ്ൻ അതിർത്തിയിലും ബെലറൂസിലുമായാണുള്ളതെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ്
●ഫെബ്രുവരി 21 മുതൽ അസോവ് കടലിന് മുകളിലൂടെ വിമാനം പറക്കുന്നതിന് റഷ്യ അപകട മുന്നറിയിപ്പ് നൽകി.
● ക്രിമിയ, റഷ്യ, യുക്രെയ്ൻ എന്നിവക്കിടയിലാണ് അസോവ് കടൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.