റഷ്യൻ വാഗ്ദാനം പാഴ് വാക്ക്; ആക്രമണം കടുത്തു
text_fieldsകിയവ്: സൈനിക നടപടി മയപ്പെടുത്താമെന്ന വാഗ്ദാനത്തിനു ശേഷവും യുക്രെയ്നിൽ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാനമായ കിയവിലും പരിസരത്തും ബുധനാഴ്ച രാവിലെ മുതൽ വലിയതോതിലുള്ള ഷെല്ലിങ് തുടരുകയാണ്. വടക്കൻ നഗരമായ ചെർണോബിലും ആക്രമണം കടുത്തു. വീടുകൾ, ഷോപ്പിങ് സെന്ററുകൾ, ലൈബ്രറികൾ, സർക്കാർ ഓഫിസുകൾ എന്നിവ തകർന്നു.
ഈ രണ്ടുനഗരങ്ങളിലെയും സൈനിക നീക്കം നിർത്തിവെക്കുമെന്നായിരുന്നു റഷ്യ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നത്. തുർക്കിയുടെ മധ്യസ്ഥതയിൽ ഇസ്തംബൂളിൽ നടക്കുന്ന ചർച്ചകളിലാണ് റഷ്യ നിലപാട് വ്യക്തമാക്കിയത്.
യുക്രെയ്നിലെ മറ്റുനഗരങ്ങളിലും റഷ്യൻ ആക്രമണം തുടരുകയാണ്. പടിഞ്ഞാറൻ നഗരമായ ഖെംനിസ്കിയിലും മരിയുപോളിലും ചൊവ്വാഴ്ച രാത്രിയും ബുധൻ പകലും ഷെല്ലിങ് നിലച്ചില്ല. സർക്കാർ സംവിധാനങ്ങളും ഭവനമേഖലകളുമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഭക്ഷണവും ഔഷധവും കുറഞ്ഞ് പ്രതിസന്ധിയിലായ മരിയുപോളിൽ ഒരു സൂപ്പർമാർക്കറ്റിന് മുന്നിൽ നൂറുകണക്കിന് മനുഷ്യർ വരിനിൽക്കുന്ന സാറ്റലൈറ്റ് ചിത്രം ഇതിനിടെ പുറത്തുവന്നു.
ആഴ്ചകളായി റഷ്യൻ ഉപരോധത്തിൽ വലയുകയാണ് മരിയുപോൾ. മധ്യ യുക്രെയ്നിലെ രണ്ടു നഗരങ്ങൾക്കു നേരെ ക്രൂസ് മിസൈലുകൾ പ്രയോഗിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ ഇഗോൾ കൊനഷെൻകോവ് അറിയിച്ചു. മൈകലോവ് പ്രവിശ്യയിലെ യുക്രെയ്ൻ സ്പെഷൽ ഫോഴ്സ് ആസ്ഥാനവും കിഴക്കൻ ഡോണെറ്റ്സ്കിലെ രണ്ട് ആയുധ ഡിപ്പോകളും ആക്രമിക്കപ്പെട്ടു.
അതിനിടെ, ഇസ്തംബൂൾ ചർച്ചകളിൽ പ്രത്യേകിച്ച് പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. യുക്രെയ്ൻ തങ്ങളുടെ നിർദേശങ്ങൾ എഴുതി നൽകിയത് നല്ല കാര്യമാണ്. പക്ഷേ, പ്രതീക്ഷാനിർഭരമായ പുരോഗതിയില്ല. -പെസ്കോവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.