സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യു.എൻ പ്രമേയം വീറ്റോ ചെയ്ത് റഷ്യ; ഇന്ത്യയും ചൈനയും വിട്ടുനിന്നു
text_fieldsയുനൈറ്റഡ് നേഷൻസ്: യുക്രെയ്നിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയിലെ പ്രമേയം റഷ്യ വീറ്റോ ചെയ്തു. യുക്രെയ്ൻ അധിനിവേശത്തെ ശക്തമായി അപലപിച്ച് അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ അമേരിക്കയടക്കം 11 രാഷ്ട്രങ്ങൾ പിന്തുണച്ചു. അതേസമയം ഇന്ത്യ, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അമേരിക്കയും അൽബേനിയയും ചേർന്നാണ് പ്രമേയം തയാറാക്കി സഭയിൽ അവതരിപ്പിച്ചത്. പോളണ്ട്, ഇറ്റലി, ജർമനി, എസ്റ്റോണിയ, ലക്സംബർഗ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചവരിൽ ഉൾപെടുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസാക്കാനായില്ല. ഇതോടെ പ്രമേയം ഇനി പൊതുസഭയിൽ കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു.
'നിങ്ങൾക്ക് ഈ പ്രമേയത്തെ വീറ്റോ ചെയ്യാനാകും. എന്നാൽ, ഞങ്ങളുടെ ശബ്ദത്തെ വീറ്റോ ചെയ്യാനാകില്ല. സത്യത്തെ നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല. നമ്മുടെ തത്വങ്ങളെയും യുക്രെയ്ൻ ജനതയെയുമൊന്നും നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല..'- അമേരിക്കയുടെ യു.എൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
ചേരി-ചേരാ നയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രെയ്ൻ-റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യു.എന്നിൽ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അബദ്ധങ്ങൾ ചെയ്യാൻ നിൽക്കരുതെന്നും ബ്രിട്ടീഷ് അംബാസഡർ ബർബറ വുഡ്‌വാർഡ് പറഞ്ഞു. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ഒരു പിന്തുണയുമില്ലെന്നും ബർബറ കൂട്ടിച്ചേർത്തു.
അതേസമയം യു.എസ് അടക്കം ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധ നടപടികൾ റഷ്യയെ ഉലക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഉടൻ അല്ലെങ്കിലും ദീർഘകാലയളവിൽ റഷ്യക്ക് ഇത് വൻ തിരിച്ചടിയാകുമെന്നും അവർ പറയുന്നു. 1979ൽ റഷ്യ അഫ്ഗാനിസ്താനിൽ അധിനിവേശം നടത്തിയപ്പോൾ യു.എസ് ഏർപ്പെടുത്തിയ ഉപരോധം ഏറെനാൾ റഷ്യയെ സാമ്പത്തിക പരാധീനതയിലാക്കിയിരുന്നു.
2014ൽ റഷ്യ ക്രീമിയ പിടിച്ചെടുത്തപ്പോൾ നടപ്പാക്കിയ ഉപരോധം ഫലപ്രദമായിരുന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി അഭിപ്രായപ്പെടുന്നു. തങ്ങളുടെ വരുതിയിൽ നിൽക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം യു.എസിന്റെ പ്രധാന ആയുധമാണ്. ഇറാൻ, ലിബിയ, കൊളംബിയ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങൾക്കെതിരെ നേരത്തേ യു.എസ് ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസിന്റെ എതിർപക്ഷത്തു നിൽക്കുന്ന രാജ്യങ്ങൾ ഉപരോധത്തിൽനിന്ന് രക്ഷപ്പെടാൻ ഒരു ഘട്ടത്തിൽ ഡോളറിന്റെ ആധിപത്യത്തെ മറികടക്കാൻ ശ്രമം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.