പ്രകോപനം വാഗ്നർ ക്യാമ്പിന് നേരെ നടന്ന ആക്രമണം
text_fieldsമോസ്കോ: റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവുമായുള്ള അഭിപ്രായവ്യത്യാസമാണ് വാഗ്നർ കൂലിപ്പടയുടെ അട്ടിമറി നീക്കത്തിന് കാരണം. യുക്രെയ്നെതിരായ യുദ്ധത്തിൽ നിർണായക പങ്ക് വഹിക്കുന്ന വാഗ്നർ കൂലിപ്പടയുടെ ബഖ്മുത് നഗരത്തിലെ ക്യാമ്പിന് നേരെ റഷ്യൻ സൈന്യം റോക്കറ്റ് ആക്രമണവും വെടിവെപ്പും നടത്തിയിരുന്നു. 2000ഓളം പടയാളികൾ കൊല്ലപ്പെട്ടതായാണ് പ്രിഗോഷിന്റെ ആരോപണം. എന്നാൽ, റഷ്യൻ പ്രതിരോധ മന്ത്രാലയം ഇക്കാര്യം നിഷേധിച്ചു.
യുദ്ധമുഖത്ത് ആവശ്യത്തിന് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചുനൽകിയില്ലെന്ന് റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ പ്രിഗോഷിൻ നേരത്തേ വിമർശനം ഉന്നയിച്ചിരുന്നു. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവിനെയും സൈനിക മേധാവി ജനറൽ വലേരി ജെറാസിമോവിനെയും പുറത്താക്കണമെന്നാണ് പ്രിഗോഷിന്റെ പ്രധാന ആവശ്യം. പുടിന്റെ ഭരണം അട്ടിമറിക്കാനുള്ള നീക്കമല്ലെന്നും നീതി ലഭിക്കണമെന്ന ആവശ്യം മാത്രമാണുള്ളതെന്നും പ്രിഗോഷിൻ ആണയിടുന്നു.
അതേസമയം, പ്രിഗോഷിന്റെ സൈനിക നീക്കത്തെ റഷ്യൻ പാർലമെന്റ് സ്പീക്കർ വ്യാചെസ്ലാവ് വൊളോഡിൻ അപലപിച്ചു. മാതൃരാജ്യത്തിന്റെ നിയമങ്ങൾ മാനിക്കണമെന്നും റഷ്യൻ സൈനിക മേധാവിയുടെ നിർദേശമനുസരിച്ച് മാത്രം പ്രവർത്തിക്കണമെന്നും അദ്ദേഹം വാഗ്നർ കൂലിപ്പടയോട് ആഹ്വാനം ചെയ്തു. റഷ്യക്ക് ഒരേയൊരു സൈനിക മേധാവി മാത്രമാണുള്ളതെന്നും അദ്ദേഹത്തെ അനുസരിക്കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ ആവശ്യപ്പെട്ടു.
റഷ്യക്കെതിരെ വിമർശനവുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി രംഗത്തെത്തി. തെറ്റായ പാത തിരഞ്ഞെടുക്കുന്നവർ സ്വയം നശിക്കുമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. സ്വന്തം ബലഹീനത മറച്ചുവെക്കാൻ പ്രചാരവേലയിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു റഷ്യൻ ഭരണകൂടം. നുണകൾ കൊണ്ട് മറച്ചുവെക്കാൻ കഴിയാത്തവിധം റഷ്യയിലെ പ്രശ്നങ്ങൾ പുറത്തുവരുകയാണിപ്പോൾ. എത്രകാലം റഷ്യൻ സേന യുക്രെയ്നിൽ തുടരുന്നുവോ അത്രയും കാലം അവർ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിൽ 24 മണിക്കൂറിനിടെ നടന്നത്
വെള്ളി
- റഷ്യൻ സൈനിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം വ്യക്തമാക്കി വാഗ്നർ ഗ്രൂപ്പിന്റെ മേധാവി യെവ്ജെനി പ്രിഗോഷിൻ വിഡിയോ പുറത്തിറക്കുന്നു. യുക്രെയ്നിനെ ആക്രമിക്കാനുള്ള റഷ്യയുടെ തീരുമാനത്തെ പ്രിഗോഷിൻ തള്ളിപ്പറയുന്നു.
- റഷ്യൻ പ്രതിരോധ മന്ത്രിയെയും സൈനിക മേധാവിയെയും മാറ്റണമെന്നാവശ്യപ്പെട്ട് നീതി തേടി വാഗ്നർ കൂലിപ്പട മോസ്കോയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രിഗോഷിൻ സമൂഹമാധ്യമത്തിൽ പ്രഖ്യാപിക്കുന്നു
- സായുധ കലാപത്തിന് ആഹ്വാനം ചെയ്തെന്നാരോപിച്ച് റഷ്യൻ സുരക്ഷസേന പ്രിഗോഷിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നു
- റഷ്യൻ സൈനിക നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിച്ച് വാഗ്നർ കൂലിപ്പട ക്യാമ്പിലേക്ക് മടങ്ങണമെന്ന് റഷ്യയുടെ യുക്രെയ്ൻകാര്യ സൈനിക ഉപമേധാവി ജനറൽ സെർജി സുറോവികിൻ ആഹ്വാനം ചെയ്യുന്നു
ശനി
- യുക്രെയ്ൻ അതിർത്തി കടന്ന് മോസ്കോയിലേക്കുള്ള യാത്ര ആരംഭിക്കുന്നതായി പ്രിഗോഷിന്റെ സമൂഹമാധ്യമ അറിയിപ്പ്
- വാഗ്നർ കൂലിപ്പട റോസ്തോവോൺ ദോൺ പിടിച്ചെടുത്തതായി പ്രിഗോഷിൻ
- റഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതായി വൈറ്റ്ഹൗസ്
- പ്രിഗോഷിന്റെ നിർദേശങ്ങൾ അനുസരിക്കരുതെന്ന് വാഗ്നർ കൂലിപ്പടയോട് റഷ്യൻ പ്രതിരോധ മന്ത്രാലയം ആവശ്യപ്പെടുന്നു
- മോസ്കോയിൽനിന്ന് 500 കിലോമീറ്റർ അകലെയുള്ള വൊറോണെഷ് നഗരം വാഗ്നർ കൂലിപ്പട പിടിച്ചെടുക്കുന്നു
- പ്രിഗോഷിന്റേത് പിന്നിൽനിന്നുള്ള കുത്താണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ
- ചെചൻ നേതാവ് റംസാൻ കദിറോവ് റഷ്യക്ക് പിന്തുണ പ്രഖ്യാപിക്കുന്നു
- മോസ്കോയിലേക്കുള്ള യാത്ര പകുതിയിലധികം ദൂരം പിന്നിടുമ്പോൾ വൊറോണെഷ് നഗരത്തിൽ വാഗ്നർ കൂലിപ്പടക്കുനേരെ റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.