കിയവിനെ വിടാതെ റഷ്യ; വീണ്ടും കനത്ത ബോംബുവർഷം
text_fieldsകിയവ്: യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ പിന്നെയും കനത്ത ബോംബാക്രമണം നടത്തി റഷ്യ. വ്യാഴാഴ്ച പുലർച്ചെ മാത്രം 30 മിസൈലുകൾ കിയവിനെ ലക്ഷ്യമിട്ട് എത്തിയതിൽ 29ഉം വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ അധികൃതർ വ്യക്തമാക്കി. മേയ് മാസത്തിൽ മാത്രം ഒമ്പതാം തവണയാണ് ബോംബുകൾ എത്തുന്നത്. ഇവയിലേറെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായതിനാൽ ആൾനാശം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നേരത്തേ വെടിവെച്ചിടുന്നത് ആയുധനാശവും കുറക്കുന്നതായി യുക്രെയ്ൻ അവകാശപ്പെടുന്നു.
ചൊവ്വാഴ്ച അതിമാരകമായ കിൻസാൽ ഹൈപ്പർസോണിക് മിസൈലുകൾ ഉപയോഗിച്ച് റഷ്യ കിയവിൽ ആക്രമണം നടത്തിയിരുന്നു. ഇവയും വെടിവെച്ചിട്ടതായി പറയുന്നുണ്ടെങ്കിലും യുക്രെയ്ൻ ആയുധശേഖരം ഈ ആക്രമണത്തിൽ വൻതോതിൽ നശിപ്പിക്കപ്പെട്ടതായി അവകാശവാദമുണ്ട്. ബുധനാഴ്ച ഖേഴ്സണിലുണ്ടായ ആക്രമണത്തിൽ അഞ്ചു വയസ്സുള്ള കുഞ്ഞുൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു.
റഷ്യക്കെതിരെ കനത്ത ആക്രമണത്തിന് യുക്രെയ്ൻ ഒരുങ്ങുകയാണെന്ന സൂചനകൾക്കിടെയാണ് പുതിയ ആക്രമണ പരമ്പരയെന്നത് ശ്രദ്ധേയമാണ്. ആവശ്യമായ ആയുധങ്ങൾ എത്തിക്കഴിഞ്ഞാൽ ആക്രമണം ഉടൻ ഉണ്ടാകുമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. ടാങ്കുകൾ വിന്യസിച്ചും ദീർഘദൂര മിസൈലുകൾ വർഷിച്ചും റഷ്യയെ പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.