യുദ്ധം റഷ്യക്ക് കനത്ത നഷ്ടം വരുത്തും -സെലൻസ്കി
text_fieldsകിയവ്: യുക്രെയ്നിൽ യുദ്ധം തുടരാനാണ് തീരുമാനമെങ്കിൽ തലമുറകൾക്കുപോലും വീണ്ടെടുക്കാനാവാത്ത നാശനഷ്ടം റഷ്യക്ക് നേരിടേണ്ടിവരുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ മുന്നറിയിപ്പ്. യുക്രെയ്നിൽ റഷ്യ മനഃപൂർവം മാനുഷിക ദുരിതമുണ്ടാക്കുകയാണ്. യുക്രെയ്ൻ നഗരങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. ഇവിടങ്ങളിലേക്ക് മാനുഷിക സഹായംപോലും എത്തിക്കാൻ അനുവദിക്കുന്നില്ല. കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ചക്ക് തയാറാണെന്നും സെലൻസ്കി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.
റഷ്യ വരുത്തിവെച്ച തെറ്റുകളുടെ ആഘാതം കുറക്കാനുള്ള ഏകമാർഗം അർഥപൂർണമായ ചർച്ച മാത്രമാണ്. വൈകാതെ റഷ്യ അതിനു തയാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. അതേസമയം, ഒരിക്കലും നടപ്പാക്കാൻ സാധ്യതയില്ലാത്ത നിർദേശങ്ങൾ മുന്നോട്ടുവെച്ച് യുക്രെയ്ൻ ചർച്ച തടസ്സപ്പെടുത്തുകയാണെന്ന് പുടിൻ ജർമൻ ചാൻസലർ ഒലാഫ് ഷുൾസുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ സൂചിപ്പിച്ചു. റഷ്യയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിൽനിന്ന് യുക്രെയ്നെ തടയുന്നത് യു.എസാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് ആരോപിച്ചു. കൂടുതൽ നാശനഷ്ടങ്ങളൊഴിവാക്കാൻ പുടിനുമായി നേരിട്ടു ചർച്ചയാണ് വേണ്ടതെന്നും ലാവ്റോവ് പറഞ്ഞു.
അതിനിടെ, നുഴഞ്ഞുകയറ്റക്കാരടക്കം 127 റഷ്യക്കാരെ തടവിലാക്കിയതായി യുക്രെയ്ൻ സൈന്യം അറിയിച്ചു. ഭക്ഷണസാധനങ്ങൾ പോലും എത്തിക്കാൻ കഴിയാത്ത രീതിയിൽ മരിയുപോളിനെ ഉപരോധിക്കുന്നത് അസ്വീകാര്യമായ നടപടിയാണെന്ന് യു.എൻ ലോക ഭക്ഷ്യപദ്ധതി അധികൃതർ കുറ്റപ്പെടുത്തി.
നഗരം പൂർണമായും റഷ്യ വളഞ്ഞിരിക്കുന്നതിനാൽ വെള്ളവും ഭക്ഷണവുമില്ലാതെ ആയിരങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. റഷ്യയുമായുള്ള വ്യാപാരബന്ധങ്ങൾ അവസാനിപ്പിക്കാൻ യൂറോപ്യൻ യൂനിയൻ തയാറാകണമെന്ന് പോളണ്ട് ആവശ്യപ്പെട്ടു. യുക്രെയ്നിൽ പുടിന്റെ യുദ്ധക്കുറ്റങ്ങൾ അന്വേഷിക്കാൻ പുതിയ അന്താരാഷ്ട്ര ട്രൈബ്യൂണൽ സ്ഥാപിക്കണമെന്ന് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ഗോർഡൻ ബ്രൗൺ ആഹ്വാനം ചെയ്തു.
യുദ്ധം തുടങ്ങിയതുമുതൽ 32.7 ലക്ഷം അഭയാർഥികളാണ് യുക്രെയ്നിൽനിന്ന് പലായനം ചെയ്തത്. ഇതിൽ 20 ലക്ഷം ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. കൂടുതൽ പേരും പോളണ്ടിയാണ് അഭയം തേടിയത്. അതേസമയം, റഷ്യയിൽ കൂറ്റൻ റാലിയെ അഭിസംബോധന ചെയ്ത പുടിൻ യുക്രെയ്നിൽ യുദ്ധം ചെയ്യുന്ന സൈനികരെ പ്രകീർത്തിച്ചു. യുദ്ധം തുടങ്ങിയതിനുശേഷം ആദ്യമായാണ് പുടിൻ പൊതുവേദിയിലെത്തുന്നത്. റാലി റഷ്യൻ സർക്കാർ തന്നെ സംഘടിപ്പിച്ച പരിപാടിയാണെന്നും വിമർശനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.