യുക്രെയ്നിനു നേരെ വീണ്ടും റഷ്യൻ ആക്രമണം
text_fieldsകിയവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ടെലിഫോണിൽ നടത്തിയ ചർച്ചക്ക് പിന്നാലെ യുക്രെയ്നിനു നേരെ വീണ്ടും റഷ്യൻ ആക്രമണം.
ചർച്ചയിൽ ഭാഗിക വെടിനിർത്തലിന് സമ്മതിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് വീണ്ടും ആക്രമണം നടന്നത്. 45ഓളം കാമികേസ് ഡ്രോണുകളും എസ്-300 സർഫേസ്-ടു-എയർ മിസൈലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
തലസ്ഥാനമായ കിയവിന് സമീപത്തെ ബുക്കയിലും മറ്റു പ്രദേശങ്ങളിലും ഡ്രോണുകൾ പതിച്ച് നിരവധി വീടുകൾക്കും കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കിഴക്കൻ നഗരമായ സുമിയിൽ ആശുപത്രി കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് നൂറിലധികം രോഗികളെ ഒഴിപ്പിച്ചു. മറ്റൊരു സംഭവത്തിൽ, സമീപത്തെ ഗ്രാമത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുക്രെയ്നും ഡ്രോണുകൾ ഉപയോഗിച്ച് റഷ്യക്കുനേരെ പ്രത്യാക്രമണം നടത്തി. ഒരു ഡ്രോൺ ക്രാസ്നോഡറിന്റെ തെക്കൻ മേഖലയിലെ എണ്ണ ഡിപ്പോയിൽ പതിച്ചു. യുക്രെയ്നിന്റെ 57 ഡ്രോണുകൾ വെടിവെച്ചിട്ടതായി റഷ്യൻ അധികൃതർ പറഞ്ഞു. ഇതിൽ ഭൂരിഭാഗവും കുർസ്ക് മേഖലയിലാണെന്നും അവർ പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ടാണ് യുക്രെയ്ൻ യുദ്ധം സംബന്ധിച്ച് ട്രംപും പുടിനും രണ്ട് മണിക്കൂറിലധികം ഫോണിൽ സംസാരിച്ചത്. കഴിഞ്ഞ ആഴ്ച ജിദ്ദയിൽ യുക്രെയ്ൻ സമ്മതിച്ച 30 ദിവസത്തെ പൂർണ വെടിനിർത്തലിനുള്ള ട്രംപിന്റെ അഭ്യർഥന റഷ്യൻ പ്രസിഡന്റ് നിരസിച്ചു.
എന്നാൽ ഊർജ, അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് മൊറട്ടോറിയം ഏർപ്പെടുത്താൻ ഇരുവരും സമ്മതിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ അന്തിമമാക്കുന്നതിനുള്ള ചർച്ചകൾ ഞായറാഴ്ച ആരംഭിക്കുമെന്ന് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.
ചില കാര്യങ്ങൾ പരിഹരിക്കാനുണ്ട്. അതിനുശേഷം പൂർണ വെടിനിർത്തലിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഊർജ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കില്ലെന്ന് പുടിൻ സമ്മതിച്ചെന്ന റിപ്പോർട്ടുകൾ യാഥാർഥ്യത്തിന് വിരുദ്ധമാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്കി പറഞ്ഞു.
ഇതിനുശേഷവും 150ഓളം ഡ്രോണുകൾ ഉപയോഗിച്ച് ഊർജകേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടന്നതായി അദ്ദേഹം പറഞ്ഞു. ചർച്ചയുടെ വിശദാംശങ്ങളറിയാൻ ട്രംപുമായി പിന്നീട് സംസാരിക്കുമെന്നും സെലൻസ്കി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.