ഖാർകിവിൽ മരണം വിതച്ച് റഷ്യൻ പാരട്രൂപ്പർമാർ ഇറങ്ങി; മുട്ടുമടക്കാതെ യുക്രെയ്ൻ
text_fieldsകിയവ്: യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ റഷ്യൻ വ്യോമസേനാ വിഭാഗമായ പാരട്രൂപ്പർമാർ ഇറങ്ങിയതോടെ കനത്ത ഏറ്റുമുട്ടൽ. പ്രതിരോധം ശക്തമായതോടെ റഷ്യ ആക്രമണം കടുപ്പിച്ചു. കൂടുതൽ നഗരങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മിസൈലുകളും ഷെല്ലുകളും വർഷിച്ചാണ് റഷ്യൻ കടന്നാക്രമണം. അതേസമയം മുട്ടുമടക്കാതെ പോരാടുകയാണ് യുക്രെയ്ൻ.
ഖാർകിവിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. നഗരത്തിലെ ആശുപത്രിക്കും സ്കൂളിനും നേർക്ക് വ്യോമാക്രമണമുണ്ടായി. ഷെല്ലാക്രമണത്തിൽ 21പേർ മരിച്ചു. ഴൈറ്റോമിർ നഗരത്തിൽ ക്രൂസ് മിസൈൽ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 112 പേർക്ക് പരിക്കുണ്ട്.
ഇതുവരെ 2000 തദ്ദേശവാസികൾ കൊല്ലപ്പെട്ടായി യുക്രെയ്ൻ എമർജൻസി സർവിസ് അറിയിച്ചു. പൊലീസ് സ്റ്റേഷൻ, യുക്രെയ്ൻ സെക്യൂരിറ്റി സർവിസ്, കരാസിൻ യൂനിവേഴ്സിറ്റി എന്നിവയുടെ കെട്ടിടങ്ങളും മിസൈൽ ആക്രമണത്തിൽ തകർന്നു. 5,840 റഷ്യൻ സൈനികരെ വധിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. യുക്രെയ്നെ ചരിത്രത്തിൽനിന്ന് മായ്ച്ചുകളയാനുള്ള നീക്കമാണ് റഷ്യയുടേതെന്ന് പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
അമേരിക്കയിൽ നിന്നടക്കം അന്താരാഷ്ട്ര സമ്മർദമേറുമ്പോഴും യുക്രെയ്ൻ അധിനിവേശം കടുപ്പിക്കുകയാണ് റഷ്യ. യുക്രെയ്നുമായി വീണ്ടും ചർച്ചക്കു സന്നദ്ധമാണെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. കൂടുതൽ ചർച്ചക്ക് തയാറാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ ഓഫിസും വ്യക്തമാക്കി.
തെക്കൻ തുറമുഖ നഗരമായ ഖെർസൺ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. എന്നാൽ, യുക്രെയ്ൻ പ്രാദേശിക മേയർ ഇത് തള്ളി. അതേസമയം, നഗരം റഷ്യൻ സേന വളഞ്ഞതായി ഗവർണർ സ്ഥിരീകരിച്ചു. കിയവ് വളയുമെന്ന് കരുതുന്ന റഷ്യൻ സൈനിക വ്യൂഹം തലസ്ഥാനത്തിന്റെ വടക്ക് 25 കിലോ മീറ്റർ അടുത്തെത്തി. ആക്രമണം രൂക്ഷമായതോടെ യുക്രെയ്നിൽ നിന്ന് എട്ടു ലക്ഷത്തിലേറെപേർ പലായനം ചെയ്തതായി യു.എൻ റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ യൂനിയനും കാനഡക്കും പിന്നാലെ റഷ്യൻ വിമാനങ്ങളെ വ്യോമമേഖലയിൽ നിന്ന് വിലക്കുമെന്നു യു.എസും പ്രഖ്യാപിച്ചു. പുടിൻ ഏകാധിപതിയാണെന്നും അധിനിവേശത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
റഷ്യയുടെ ഏകപക്ഷീയ ആക്രമണത്തിൽ പ്രതിഷേധിച്ച് ആപ്ൾ, ഗൂഗ്ൾ, ഫോർഡ്, എക്സൺമോബീൽ തുടങ്ങിയ വൻകിടകമ്പനികൾ വ്യാപാരബന്ധം മരവിപ്പിച്ചു. ആഗോളവിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നു. യുക്രെയ്ന് കോടി ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ലോകബാങ്ക്. മാർച്ച് ഏഴിനും എട്ടിനും യുക്രെയ്ൻ വിഷയത്തിൽ പൊതുവിചാരണ നടത്തുമെന്ന് യു.എൻ അന്താരാഷ്ട്ര നീതിന്യായ കോടതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.